തമിഴ്നാട്ടിൽ വ്യാപക നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ്; നാല് മരണം

ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം നാലായി. കടലൂരിൽ വൈദ്യുതാഘാതമേറ്റ് രണ്ട് പേരും പുതുക്കോട്ടയിൽ ഒരാളും മരിച്ചു. വിരുതാചലത്ത് മതിൽ ഇടിഞ്ഞ് വീണ് ഒരു സ്ത്രീയും മരിച്ചു.
മണിക്കൂറില്‍ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാണ് തമിഴ്നാടിന്‍റെ വടക്കൻ മേഖലയിലൂടെ കാറ്റ് വീശുന്നത്. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഗജ ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന് മുന്നോടിയായി അര ലക്ഷത്തോളം പേരെ തമിഴ്‍നാട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. നാഗപട്ടണം, കടലൂര്‍ ജില്ലകളിലായി മൂവായിരത്തിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. ഓരോ ജില്ലയിലും മൂന്നിറിലധികം താല്‍ക്കാലിക കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. 1077, 1070 എന്നീ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ സേവനം ലഭ്യമാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട് പ്രഖ്യാപിച്ചിരിക്കുകയാണ്.