സ്കൂള്‍ കായികമേള: എറണാകുളം മുന്നില്‍, രണ്ടാമത് പാലക്കാട്

സംസ്ഥാന സ്കൂള്‍ കായികമേളയുടെ ആദ്യ ദിവസം മുന്നില്‍ എറണാകുളം ജില്ല. എറണാകുളം ഒമ്പത് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവും ഉള്‍പ്പടെ 88 പോയന്റ് ആണ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് ആറ് സ്വര്‍ണവും നാല് വീതം വെള്ളിയും വെങ്കലവും ഉള്‍പ്പടെ 46 പോയന്റ് നേടി.

ജൂനിയർ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വര്‍ണം നേടി. ദേശീയ താരമായ സി. ചാന്ദ്നിയെ അട്ടിമറിച്ചാണ് സനിക പൊന്‍ തിളക്കം സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ ആദര്‍ശ് ഗോപി സ്വര്‍ണം നേടിയപ്പോള്‍ പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ എന്‍ പൗര്‍ണമിയും സ്വര്‍ണ നേട്ടത്തിലെത്തി.

ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ സാന്ദ്ര എ എസ് 55.95 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോര്‍ഡിട്ടു. 2014ൽ ജിസ്ന മാത്യു സ്ഥാപിച്ച 56.04 സെക്കൻഡിന്റെ റെക്കോർഡാണ്  സാന്ദ്ര പഴങ്കഥയാക്കിയത്. പോൾവോൾട്ടിൽ 4.06 മീറ്റർ ചാടി  കുമാരംപുത്തൂർ കെ എച്ച് എസ്സിലെ മുഹമ്മദ് ബാസിം റെക്കോര്‍ഡിട്ടു.

പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍ ഡിസ്കസ് ത്രോയില്‍ ആലപ്പുഴ സെന്‍റ് ജോസഫിലെ ആരതിക്കാണ് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആലപ്പുഴ ചുനക്കര ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ ശ്രീകാന്തിനാണ് സ്വര്‍ണം.

error: Content is protected !!