പാകിസ്താനെതിരെ ഇന്ത്യക്ക് മിന്നും ജയം

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മിന്നും ജയം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാക് പടയെ ഇന്ത്യ തുരത്തിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യയെ ഞെട്ടിച്ചത് പാകിസ്താനായിരുന്നു. എന്നാല്‍ അപ്രതീക്ഷിത പ്രഹരത്തില്‍ നിന്ന് കളിയുടെ നിയന്ത്രണം പിടിച്ചടക്കിയ ഇന്ത്യ, പാകിസ്താന്‍റെ വലയില്‍ ആദ്യ വെടിപൊട്ടിച്ചത് നായകന്‍ മന്‍പ്രീത് സിങിലൂടെ. 24 ാം മിനിറ്റില്‍ മന്‍പ്രീതിലൂടെ സമനില ഗോള്‍ നേടിയ ഇന്ത്യ, 32 ാം മിനിറ്റില്‍ മന്‍ദീപ് സിങിലൂടെ ലീഡ് നേടി. 42 ാം മിനിറ്റില്‍ ദില്‍പ്രീത് സിങിലൂടെ പാക് പടയ്ക്ക് മേല്‍ അവസാന ആണിയും അടിച്ച് ഇന്ത്യന്‍ പുലിക്കുട്ടികള്‍ വിജയം പിടിച്ചടക്കി.

കളിയുടെ നാലാമത്തെ ക്വാര്‍ട്ടറില്‍ ഗോള്‍ മടക്കാന്‍ പാക് മുന്നേറ്റ നിര കഠിനശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തെ തകര്‍ക്കാനായില്ല. മുഹമ്മദ് ഇര്‍ഫാന്‍ ജൂനിയറാണ് ആദ്യ മിനിറ്റില്‍ പാകിസ്താന് വേണ്ടി പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടിയത്.

error: Content is protected !!