സാംബാതാളത്തിൽ നിശബ്ദമായി അർജന്‍റീന; സൌഹൃദം ജയിച്ച് മഞ്ഞപ്പട

സൂപ്പർ ക്ലാസിക്കോയിൽ ബ്രസീലിന് ജയം. അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. സ്റ്റോപ്പേജ് ടൈമിൽ മിറാൻഡ നേടിയ ഗോളിലൂടെയായിരുന്നു ബ്രസീലിന്റെ ജയം. ലോകഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിന് ഇത്തവണ വേദിയായത് സൗദിയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയമായിരുന്നു. ലയണൽ മെസിയടക്കം പ്രമുഖ താരങ്ങളൊന്നുമില്ലാതെയിറങ്ങിയ അർജന്‍റീനയെ നേരിടാൻ ലോകകപ്പ് കളിച്ച സൂപ്പർ ടീമുമായാണ് ബ്രസീൽ എത്തിയത്. തുടക്കം മുതൽ കളിയുടെ ആധിപത്യം ബ്രസീലിനായിരുന്നെങ്കിലും അർജന്റീനൻ പ്രതിരോധത്തെ മറികടക്കാൻ അവസാന മിനിറ്റുവരെ കാനറികൾക്കായില്ല.
ഇക്കാർഡിയെയും ഡിബാലയെയും മുൻനിർത്തി ചില അർജന്റീനൻ മുന്നേറ്റങ്ങളുണ്ടായെങ്കിലും ബ്രസീൽ പ്രതിരോധത്തിന് കാര്യമായ ഭീഷണിയുയർത്തിയില്ല. സൂപ്പർ പോരാട്ടം ഗോൾ രഹിത സമനിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച അവസാന നിമിഷമായിരുന്നു മിറാൻഡ ബ്രീസീലിന്റെ രക്ഷകനായത്. കളിയവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ നെയ്മറിന്റെ കോർണർ കിക്കിന് തലവച്ച മിറാൻഡ ബ്രസീലിന് വിജയം സമ്മാനിച്ചു.