പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷം സൈനയ്ക്ക് മാംഗല്യം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്നുസത്കാരം നടത്തും.

2005ല്‍ ഗോപീചന്ദിന്റെ ഹൈദരാബാദിലെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചാണ് സൈനയും കശ്യപും കണ്ടുമുട്ടുന്നത്. എന്നാല്‍ ഇത് സൗഹൃദ വലയത്തിനപ്പുറം പോകാതെ സൈനയും കശ്യപും പ്രണയം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു. ഈയടുത്ത് കശ്യപിനെ അഭിനന്ദിച്ച് സൈന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. സൈനക്ക് 28ഉം കശ്യപിന് 32ഉം വയസ്സാണുള്ളത്.

സൈന കരിയറില്‍ ഇതുവരെ പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഒളിമ്പിക്സ് വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈനയുടെ അക്കൗണ്ടിലുണ്ട്. അതേസമയം 32-കാരനായ കശ്യപ് 2013-ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്ത് എത്തിയിരുന്നു. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്.

error: Content is protected !!