തിരൂരിലെ സദാചാരക്കൊല: ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു

തിരൂരിൽ ആൾക്കൂട്ടം മ‍ർദ്ദിച്ച മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. സാജിദിന്റെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ച മനോവിഷമത്തെ തുടർന്ന് മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് വെളളിയാഴ്ച രാത്രിയാണ് തൂങ്ങിമരിക്കുന്നത്. കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും വിശദമായി കുറിപ്പെഴുതിവച്ച ശേഷമാണ് സാജിദ് ആത്മഹത്യ ചെയ്തത്.

സാജിദിന്റെ കുടുംബാംഗങ്ങളിൽ നിന്ന് ഇന്നുതന്നെ അന്വേഷണ സംഘം മൊഴിയെടുക്കും. മർദ്ദിച്ചവരെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ കേസ്സെടുക്കാൻ പൊലീസ് വിസമ്മതിച്ചെന്ന ആക്ഷേപം സാജിദിന്റെ വീട്ടുകാർക്കുണ്ട്.സാജിദിനെ കെട്ടിയിട്ട ആളുകൾ, സാജിദ് അതിക്രമിച്ച് കയറിയെന്നാരോപിക്കുന്ന വീട്ടുടമസ്ഥൻ എന്നിവരിൽ നിന്നും  അന്വേഷണ സംഘം മൊഴിയെടുക്കും. സമൂഹമ മാധ്യമങ്ങൾ വഴി സാജിദിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

error: Content is protected !!