മാധ്യമ പ്രവർത്തകന്റെ വീട്ടിലെ കവർച്ച: അന്വേഷണം ബംഗ്ലാദേശികളെ കേന്ദ്രീകരിച്ച്

കണ്ണൂര്‍ :  മാധ്യമപ്രവർത്തകനെയും ഭാര്യയെയും ബന്ദിയാക്കി വീട് കവർച്ചചെയ്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നത് ബംഗ്ലാദേശികളെ കേന്ദ്രീകരിച്ച്. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുടെ ദൃശ്യങ്ങൾ മറ്റൊരു കവർച്ചാശ്രമവുമായി ബന്ധപ്പെട്ട് സിസിടിവിയിൽനിന്ന് പൊലീസിന് ലഭിച്ചുവെന്നാണ് വിവരം. ഈ സംഘം തന്നെയാണോ മാതൃഭൂമി ന്യൂസ് എഡിറ്റർ കെ വിനോദ് ചന്ദ്രന്‍റെ വീട് ആക്രമിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

വിനോദ് ചന്ദ്രനെ ആക്രമിച്ചതിന്റെ തലേദിവസം എളയാവൂർ അമ്പലം റോഡിലെ ചെന്നൈ സ്വദേശിയുടെ പൂട്ടിയിട്ട വീട്ടിലും കവർച്ചശ്രമം നടന്നിരുന്നു. വീട്ടിൽ ആരുമില്ലാത്തതിനാൽ കവർച്ചാശ്രമം വെള്ളിയാഴ്ചയാണ് പുറത്തറിഞ്ഞത്.അന്വേഷക സംഘം ഈ വീടും പരിശോധിച്ചു. കവർച്ചാരീതിക്ക് സാമ്യം കണ്ടെത്താനായി. കവർച്ചക്കാരുടെ കൈവശമുള്ള  മൊബൈൽ ഫോണുകൾ  നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ടവർ ലൊക്കേഷനുകളിലൊന്നും  സിഗ്‌നൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദന്റെ മേൽനോട്ടത്തിൽ സിറ്റി സിഐ പ്രദീപ്‌ കണ്ണിപ്പൊയിലാണ് കേസന്വേഷിക്കുന്നത‌്. 21 അംഗ പ്രത്യേക ടീമാണ് അന്വേഷണം നടത്തുന്നതെങ്കിലും സൈബർ സെല്ലിലെ ഉദ്യോഗസ്ഥരടക്കം അമ്പതോളം പൊലീസുകാർ സംഘത്തിലുണ്ട‌്. കർണാടക, ഡൽഹി, എറണാകുളം എന്നിവിടങ്ങളിലേക്കും അന്വേഷണം നീളും.  മൂന്നു ഗ്രൂപ്പായി തിരിഞ്ഞാണ് അന്വേഷണം.

പ്രതികളെയും കവർച്ചക്ക് ഉപയോഗിച്ച കാറും കണ്ടെത്താൻ സിസിടിവി ക്യാമറകളും ദൃശ്യങ്ങളും കേന്ദ്രീകരിച്ച് ഒരു ടീമും ബംഗ്ലാദേശിൽനിന്നും കേരളത്തിലെത്തുന്ന കൊള്ളസംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം മറ്റൊരു ടീമും. ലോഡ്ജുകളിലെ റെയ്ഡ്, മറ്റ് പരിശോധനകൾഎന്നിവ മറ്റൊരു സംഘവുമാണ് നടത്തുന്നത്.

ഒരിടത്തും സ്ഥിരമായി താമസിക്കാതെ കവർച്ച നടത്തി മുങ്ങുന്ന ശൈലിയാണ് ഈ സംഘം അനുവർത്തിക്കുന്നത്. നാൽപതോളം പേരടങ്ങിയ സംഘമാണ് സാധാരണ കേരളത്തിൽ കവർച്ചക്കെത്തുന്നത്. വീടുകളിൽ സൂക്ഷിക്കുന്ന സ്വർണമാണ് മുഖ്യ ലക്ഷ്യം. ഒരു വീട്ടിലെ ഓപ്പറേഷനിലൂടെ ലക്ഷങ്ങൾ കൈയിൽ വരുമെന്നതാണ് കേരളത്തിൽ സംഘമായി കവർച്ചക്കെത്താൻ പ്രചോദനം.

error: Content is protected !!