ജലന്തര്‍ ബിഷപ്പിനെതിരായ പീഡന പരാതി; മുന്‍കൂര്‍ അനുവാദമില്ലാതെ കാണാനാകില്ലെന്ന് വത്തിക്കാന്‍

ജലന്തർ ബിഷപ്പിനെതിരായ പീഡനപരാതിയിൽ വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കാനായില്ല. മുൻകൂർ അനുമതി വാങ്ങാതെ കാണാനാകില്ലെന്ന് വത്തിക്കാൻ എംബസി അറിയിച്ചു. ഇതേത്തുടർന്ന് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം എംബസിയിൽനിന്നു മടങ്ങി. അതേസമയം, തിങ്കളാഴ്ച ജലന്തർ ബിഷപ്പിന്റെ മൊഴിയെടുത്തേക്കുമെന്നാണു സൂചന. ഇതിനായി അന്വേഷണ സംഘം ഉജ്ജെയിനിലേക്ക് പോകും.

അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത ചോദ്യംചെയ്ത് ബന്ധു നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി. ജലന്തര്‍ മഠത്തിലെ മദര്‍ സുപ്പീരിയറിനു പരാതി നല്‍കിയ സ്ത്രീയുടേയും ഭര്‍ത്താവിന്റേയും മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. വ്യക്തിപരമായ പിണക്കത്തെത്തുടര്‍ന്നാണ് പരാതി നല്‍കിയതെന്നു ഡല്‍ഹിയിലെത്തിയ പൊലീസ് സംഘത്തോട് ഇവര്‍ പറഞ്ഞു.

സംഭവത്തിൽ കന്യാസ്ത്രീയുടെ ബന്ധുവിനെ ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയിൽ കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാര നടപടിയാണ് മാനഭംഗ പരാതിയെന്നായിരുന്നു ബിഷപ്പിന്റെയും ജലന്തർ രൂപതയുടെയും നിലപാട്. കന്യാസ്ത്രീ അംഗമായ സന്ന്യാസ സഭയുടെയും സുപ്പീരിയറും സമാനമായ നിലപാടാണ് കൈകൊണ്ടിരുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തെളിവുകള്‍ ലഭിച്ചെന്ന് ഡിവൈഎസ്പി പി.കെ.സുഭാഷ് അറിയിച്ചു. കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരെ ബിഷപ്പ് നൽകിയ പരാതി ശരിയല്ലെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കന്യാസ്ത്രീയുടെ കുടുംബത്തിൽ നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചു ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയുടെ സഹോദരൻ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതു കേട്ടെന്ന് ഒരു വൈദികന്റെ ഡ്രൈവർ പറഞ്ഞിരുന്നു എന്നാണു പരാതിയിലുള്ളത്. എന്നാൽ സാക്ഷിയായ ഡ്രൈവറെ വിമാനമാർഗം ജലന്തറിൽ എത്തിച്ചു പരാതിയിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നു വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു.

error: Content is protected !!