സണ്‍ സ്ക്രീനും ക്യാന്‍സറും തമ്മിലെന്ത് ബന്ധം??

ആരോഗ്യപരമായി അല്‍പമെങ്കിലും ശ്രദ്ധയുള്ളവരെല്ലാം തന്നെ സണ്‍സ്ക്രീന്‍  ഉപയോഗം ഇപ്പോള്‍ പതിവാക്കിയിട്ടുണ്ട്. തൊലി സംരക്ഷിക്കുക എന്നത് മാത്രമല്ല, പല അസുഖങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ കൂടിയാണ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത്.

സണ്‍സ്‌ക്രീനിന്റെ ഉപയോഗവും സ്‌കിന്‍ ക്യാന്‍സറും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാന്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി ഒരു പഠനം നടത്തി. അതായത്, ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം രണ്ടോ മൂന്നോ മില്ല്യണ്‍ പേര്‍ക്കാണ് ഓരോ വര്‍ഷവും സ്‌കിന്‍ ക്യാന്‍സര്‍ പിടിപെടുന്നത്. ഏതാണ്ട് ഒന്നര ലക്ഷം പേര്‍ക്ക് സണ്‍ബേണ്‍ മൂലമുണ്ടാകുന്ന മെലനോമ സ്‌കിന്‍ ക്യാന്‍സറും പിടിപെടുന്നു. ജീവിത രീതികളിലെ മാറ്റം തന്നെയാണ് ഞെട്ടിക്കുന്ന ഈ കണക്കിന് പിന്നിലെ കാരണമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിഡ്‌നി യൂണിവേഴ്‌സിറ്റി പഠനം നടത്തിയത്. സണ്‍സ്‌ക്രീന്‍ പതിവായി തേക്കുന്നത് മെലനോമ സ്‌കിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയെ നാല്‍പത് ശതമാനത്തോളം കുറയ്ക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനം കണ്ടെത്തിയത്.

പതിവായി സൂര്യതാപമേല്‍ക്കുന്നതാണ് പ്രധാനമായും മെലനോമ സ്‌കിന്‍ ക്യാന്‍സറുണ്ടാകാന്‍ കാരണം. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ ഇതിനെ ചെറുക്കാനാകും. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരുടെ എണ്ണം താരതമ്യേന വളരെ കുറവാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്.

‘മിക്കവാറും യുവാക്കള്‍, സ്ത്രീകള്‍, ബ്രിട്ടീഷ്-യൂറോപ്യന്‍സ്, ഉയര്‍ന്ന വിദ്യാഭ്യാസമോ ജോലിയോ ഉള്ളവര്‍,  വെളുത്തവര്‍.. ഇതൊന്നുമല്ലെങ്കില്‍ മുമ്പ് എപ്പോഴെങ്കിലും സൂര്യതാപമേറ്റവര്‍- ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ മാത്രമാണ് സാധാരണഗതിയില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത്’- പഠനസംഘത്തിലുണ്ടായിരുന്ന അസി.പ്രൊഫസര്‍ ആനി കസ്റ്റ് പറയുന്നു.

‘വയസ്സായവര്‍, പുരുഷന്മാര്‍, കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍, കറുത്ത തൊലിയുള്ളവര്‍.. ഇവര്‍ക്കെല്ലാം സൂര്യതാപത്തെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. അതിനാല്‍ തന്നെ ഇവര്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കുകയുമില്ല’- ആനി കൂട്ടിച്ചേര്‍ക്കുന്നു.

18നും 40നും ഇടയ്ക്ക് പ്രായം വരുന്ന 1700 ആളുകളെ ഉപയോഗിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിലൂടെ മെലനോമയുടെ അളവ് കുറയ്ക്കാന്‍ കഴിഞ്ഞതായും ഇത് വഴി മെലനോമ സ്‌കിന്‍ ക്യാന്‍സറിനുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും പഠനം വിലയിരുത്തുന്നു.

error: Content is protected !!