സംസ്ഥാനത്ത് ദയാവധം അനുവദിക്കുന്നതിനുള്ള കരട് രേഖയായി

സംസ്ഥാനത്തു ദയാവധം അനുവദിക്കുന്നതിനുളള മാര്‍ഗരേഖയുടെ കരട് തയാറായി. അനുമതി നൽകുന്നതിനായി ജില്ലകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ ഡോ. എം.ആര്‍. രാജഗോപാല്‍ സമിതി സര്‍ക്കാരിനു ശുപാര്‍ശ നൽകി.

ഇതു പ്രകാരം രോഗിതന്നെ മുന്‍കൂര്‍ ചികിത്സാ വില്‍പത്രം തയാറാക്കിയിരിക്കണം. വില്‍പത്രം നടപ്പാക്കണമെങ്കില്‍ രോഗിയെ  ആദ്യം ചികിത്സിക്കുന്ന ഡോക്ടര്‍ അല്ലെങ്കില്‍ രോഗി കഴിയുന്ന ആശുപത്രി വകുപ്പുമേധാവിയും മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമുള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് അനുമതി നല്‍കണം.

ശേഷം ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അധ്യക്ഷനായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. അവര്‍ രോഗിയെ പരിശോധിച്ചു സ്ഥിതി വിലയിരുത്തിയശേഷം, ആദ്യ ബോര്‍ഡിന്റെ നിലപാടിനോടു യോജിക്കുന്നുവോയെന്നു വ്യക്തമാക്കണം.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ദയാവധം നടപ്പാക്കാനാകൂ. ഓരോ ജില്ലയിലും കുറഞ്ഞപക്ഷം ഇരുപത്തിയഞ്ച് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന പാനല്‍ രൂപീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

ഭേദപ്പെടുത്താനാകാത്ത രോഗാവസ്ഥയിലുള്ളവര്‍ക്ക് ദയാവധത്തിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. കോടതി വിധി നടപ്പാക്കാന്‍ രൂപരേഖ തയാറാക്കാനായി രാജഗോപാല്‍ അധ്യക്ഷനായി സര്‍ക്കാരാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.

error: Content is protected !!