വംശീയധിക്ഷേപകര്‍ക്ക് ഗോളിലൂടെ ചുട്ടമറുപടി നല്‍കി ഓസില്‍

വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച മെസ്യൂദ് ഓസില്‍ നയിച്ച ആഴ്‌സണലിന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരേ തകര്‍പ്പന്‍ ജയം. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് മത്സരത്തില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ജയിച്ചത്. ഫുട്‌ബോള്‍ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഓസില്‍ ബൂട്ടണിഞ്ഞ് ഗ്രൗണ്ടിലെത്തിയത്. അതുകൊണ്ട് തന്നെ മത്സരം ഏറെ ശ്രദ്ധയാര്‍കര്‍ഷിച്ചിരുന്നു.

ഓസിലിന് കളിയറിയാത്തതാണ് ദേശീയ ടീം കുപ്പായം അഴിച്ചുവെക്കാന്‍ പ്രേരിപ്പിച്ചതെന്നടക്കമുള്ള വന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഗ്രൗണ്ടില്‍ ഉഗ്ര പ്രകടനം നടത്തിയാണ് താരം മറുപടി നല്‍കിയത്. ഗണ്ണേഴ്‌സിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ച ഓസില്‍ വംശീയധിക്ഷേപകര്‍ക്ക് ചുട്ടമറുപടിയാണ് ഗോളിലൂടെ നല്‍കിയത്.

ആദ്യപകുതിയില്‍ ഓസിലിന്റെ ഗോളിലൂടെ ആഴ്‌സണലാണ് മത്സരത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. അലെക്സാണ്ട്രെ ലാ കസാറ്റെ രണ്ട് ഗോളുകളും റോബ് ഹോഡിങ്, റെബി കെറ്റിയ എന്നിവര്‍ ഓരോ ഗോളുകളും ആഴ്സണലിനായി കണ്ടെത്തി.

രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റഫര്‍ എന്‍കുകുവിലൂടെ  പിഎസ്ജി ആശ്വാസ ഗോള്‍ കണ്ടെത്തി. ഒരു പറ്റം യുവതാരങ്ങളുമായി ഇറങ്ങിയ പിഎസ്ജിയുടെ കരുത്ത് ഓസിലിന് മുന്നില്‍ ഒന്നുമല്ലാതാകുകയായിരുന്നു. പിഎസ്ജിയിലേക്ക് മാറിയ മുന്‍ യുവെന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂ ബുഫണിനെ കീഴടക്കിയാണ് ആഴ്സണല്‍ താരങ്ങള്‍ പോസ്റ്റില്‍ പന്തെത്തിച്ചത്.

തുര്‍ക്കി വംശജനായതിനാല്‍ ജര്‍മനിയില്‍ തനിക്ക് വംശീയധിക്ഷേപം നേരിടേണ്ടിവന്നെന്നും ഇനി ദേശീയ ടീമില്‍ കളിക്കാനില്ലെന്നും ഓസില്‍ ലോകകപ്പിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇത് കുറച്ചൊന്നുമല്ല ആരധകരെ നിരാശരാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആഴ്‌സണലിന്റെ ക്യാപ്റ്റന്‍ സ്ഥാനവുമേറ്റെടുത്ത് കളത്തിലിറങ്ങിയ ഓസില്‍ ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാനോടൊപ്പം ഫോട്ടോ എടുത്തതിന്റെ പേരിലാണ് ഓസിലിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇതിന്റെ പേരില്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നു. ‘താനൊരു പ്രൊഫഷനല്‍ ഫുട്ബോള്‍ താരമാണ്. തന്റെ കുടുബാംഗങ്ങളുടെ രാജ്യത്തെ പരമോന്നത നേതാവിനൊപ്പമുള്ള ഫോട്ടോ തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് പ്രഖ്യാപനമോ അല്ല, ആദരം മാത്രമാണ്. അതിനുപ്പുറം ഒന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വംശവെറിയന്മാര്‍ ഉള്‍ക്കൊണ്ടിരുന്നില്ല.

‘വിവിധ വംശപാരമ്പര്യമുള്ള കളിയാണ് ഫുട്ബോള്‍. വംശീയധിക്ഷേപത്തില്‍ ഉള്‍പ്പെട്ടവര്‍ ഫിഫ പോലുള്ള സംഘടനയില്‍ ഉള്‍പ്പെടുത്തരുത്. ഈ സാഹചര്യത്തില്‍ ജര്‍മന്‍ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല. താന്‍ ഫുട്ബോളില്‍ അരങ്ങേറിയത് മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നു പോയിരിക്കുന്നു. താന്‍ ഹൃദയവേദനയോടെയാണ് ലോകകപ്പ് ജേഴ്‌സി അഴിച്ചുവെക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്’.

error: Content is protected !!