മെസിയെ വിട്ടുനല്‍കണമെന്ന് ബാഴ്‌സയോട് റോമ

ബ്രസീല്‍ യുവതാരം മാല്‍ക്കമിനെ അട്ടിമറിയിലൂടെ സ്വന്തമാക്കിയ ബാഴ്‌സ നടപടി എഎസ് റോമയ്ക്ക് ഏല്‍പിച്ചത് കനത്ത അപമാനമാണ്. തങ്ങള്‍ മാല്‍ക്കമിനെ സ്വന്തമാക്കി എന്ന് റോമ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ബാഴ്‌സ അപ്രതീക്ഷിതമായി യുവതാരത്തെ റാഞ്ചിയെടുത്തത്.

റോമ മാല്‍ക്കമിന്റെ ക്ലബായ ബോര്‍ഡെക്‌സിന് വാഗ്ദാനം ചെയ്ത തുകയുടെ ഇരട്ടി പണം വാഗ്ദാനം ചെയ്താണ് ബാഴ്‌സ ഈ അത്ഭുതം സാധ്യമാക്കിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ റോമയോടേറ്റ പരാജയത്തിന് ബാഴ്‌സ നല്‍കിയ തിരിച്ചയാണിതെന്ന് വരെ ആരാധകര്‍ വിലയിരുത്തുകയുണ്ടായി.

എന്നാല്‍ റോമയ്‌ക്കേറ്റ ഈ മുറിവ് അവര്‍ക്ക് അത്രപെട്ടെന്നൊന്നും മറക്കാനാകില്ല. റോമ സ്‌പോട്ടിംഗ് ഡയറക്ടര്‍ മോഞ്ചിയുടെ വാക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ബാഴ്‌സയുടെ മാപ്പ് പറയല്‍ നയതന്ത്രം അംഗീകരിക്കാനാകില്ലെന്ന് മോഞ്ചി തുറന്ന് പറയുന്നു.

‘ബാഴ്സലോണ ഞങ്ങളോട് ക്ഷമാപണം നടത്തി,പക്ഷെ ഞങ്ങള്‍ ഒരിക്കലും അതു അംഗീകരിച്ചിട്ടില്ല, ഞങ്ങള്‍ക്ക് മെസിയെ കൈമാറാന്‍ സമ്മതിച്ചാല്‍ ഞങ്ങള്‍ അതു അംഗീകരിക്കും’ മോഞ്ചി പറഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് മോഞ്ചിയുടെ തീരുമാനം.

ബാഴ്സലോണയുമായി അഞ്ച് വര്‍ഷത്തേയ്ക്കാണ് മാല്‍ക്കമിന്റെ കരാര്‍. ഈ സീസണില്‍ ബാഴ്സയിലെത്തുന്ന മൂന്നാമത്തെ താരമാണ് മാല്‍ക്കം.

error: Content is protected !!