ഐപിഎല്ലില്‍ ഇന്ന്‍ രണ്ട് മല്‍സരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. കൊല്‍ക്കത്ത വൈകിട്ട് നാലിന് തുടങ്ങുന്ന കളിയില്‍ പഞ്ചാബിനെ നേരിടും. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. രാത്രി എട്ടിന് ഡല്‍ഹിയും ബാംഗ്ലൂരും തമ്മില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ല്‍ തന്നെയാവും ഈഡനിലും ശ്രദ്ധാകേന്ദ്രം. ഗെയ്‍ലിനെ തുടക്കത്തിലേ പുറത്താക്കിയില്ലെങ്കില്‍ കൊല്‍ക്കത്ത വിയര്‍ക്കും. ഫോമിലല്ലാത്ത യുവരാജ് സിംഗിന് പകരം മനോജ് തിവാരി പഞ്ചാബ് നിരയില്‍ എത്തിയേക്കും. ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ഓള്‍റൗണ്ട് മികവുമായാണ് കൊല്‍ക്കത്തയുടെ മുന്നേറ്റം. പഞ്ചാബിനെതിരെ പതിമൂന്ന് കളിയില്‍ 24 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സുനില്‍ നരെയ്ന്‍ തന്നെയായിരിക്കും കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ഇതുവരെ ഏറ്റുമുട്ടിയ 21 കളികളില്‍ പതിനാലില്‍ കൊല്‍ക്കത്തയും ഏഴില്‍ പഞ്ചാബും ജയിച്ചു. ഈഡനിലെ ഒന്‍പത് പോരില്‍ ഏഴില്‍ കൊല്‍ക്കത്തയ്ക്കും രണ്ടില്‍ പഞ്ചാബിനുമായിരുന്നു വിജയം.

നാലില്‍ മൂന്നും തോറ്റ് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡല്‍ഹിക്കും ബാംഗ്ലൂരിനും ജയം അനിവാര്യം. കോലിയും ഗംഭീറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം എന്നതാണ് മത്സരത്തിന്‍റെ സവിശേഷത. വമ്പന്‍ താരനിരയുണ്ടെങ്കിലും കോലിയുടെ റോയല്‍സിന് ഇതുവരെ ടീമെന്ന് നിലയിലേക്ക് ഉയരാനായിട്ടില്ല. സ്ഥിരതയില്ലായ്മയാണ് ഡല്‍ഹിയെ അലട്ടുന്നത്. നേര്‍ക്കുനേര്‍ പോരില്‍ പതിനൊന്നില്‍ ബാംഗ്ലൂരും ആറില്‍ ഡല്‍ഹിയും ജയിച്ചു.

error: Content is protected !!