സൂപ്പര്‍ കപ്പിനെതിരെ കോപ്പലാശാന്‍

സൂപ്പര്‍ കപ്പിനെതിരെയുള്ള ജംഷഡ്പൂര്‍ പരിശീലകന്‍ സ്റ്റീവ് കോപ്പലിന്‍റെ കലിപ്പ് അടങ്ങുന്നില്ല. തുടരെത്തുടരെ വിമര്‍ശനത്തിന്റെ അമ്പുകള്‍ തൊടുത്ത് കളം പിടിക്കുകയാണ് ആശാന്‍. സൂപ്പര്‍ കപ്പിനെ തുടക്കം മുതലേ എതിര്‍ക്കുന്ന കോപ്പിലാശാന്റെ മനസ് ഇതുവരെ മാറിയിട്ടില്ല. ഒപ്പം കൊച്ചിയോടുള്ള കാഴ്ചപ്പാടും. സൂപ്പര്‍ കപ്പ് കൊണ്ട് ടീമുകള്‍ക്ക് ഒരു നേട്ടവുമില്ലെന്നാണ് കൊപ്പല്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഗോവക്കെതിരെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വീണ്ടും സൂപ്പര്‍ കപ്പിനെതിരെ വിമര്‍ശനം കോപ്പല്‍ വിമര്‍ശനം ഉന്നയിച്ചത്.

‘എനിക്ക് തോന്നുന്നില്ല, സൂപ്പര്‍ കപ്പ് അത്ര പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റാണെന്ന്. അതിന്റെ വേദിയോ സമയക്രമമോ ഇത് വരെയും പുറത്ത് വിട്ടിട്ടില്ല. എന്റെ അഭിപ്രായത്തില്‍ ഈ ടൂര്‍ണമെന്റ് തീര്‍ത്തും അസംബന്ധമാണ്. സൂപ്പര്‍ കപ്പ് വിജയികള്‍ക്ക് എഎഫ്സി കപ്പിലേക്ക് യോഗ്യത ലഭിച്ചിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്റ് കൊണ്ട് ഗുണമുണ്ടെന്ന് പറയാമായിരുന്നു.’ കോപ്പല്‍ പറഞ്ഞു. സൂപ്പര്‍ കപ്പിന്റെ പ്രാധാന്യത്തെ ചോദ്യം ചെയ്ത കൊപ്പല്‍, അത് ജയിച്ചത് കൊണ്ട് ടീമുകള്‍ക്ക് യാതൊരു നേട്ടവുമില്ലെന്നും പറയുന്നു.

സൂപ്പര്‍ കപ്പിന് കൊച്ചി വേദിയാക്കുന്നതിനെതിരെ മുമ്പും കോപ്പല്‍ രംഗത്തു വന്നിട്ടുണ്ടെങ്കിലും ഇത്തവണ വിമര്‍ശനം കടുത്ത ഭാഷയിലാണ്. ടൂര്‍ണമെന്റ് കളിക്കാനെത്തുന്ന 16 ടീമുകള്‍ക്കും താമസിക്കാനുള്ള ഹോട്ടല്‍ സൗകര്യം അവിടെയുണ്ടാകുമോയെന്നും, ഇത്രയും ടീമുകള്‍ക്ക് പരിശീലിക്കാനുള്ള മൈതാനങ്ങള്‍ കൊച്ചിയില്‍ ലഭ്യമാണോയെന്നും കോപ്പലാശാന്‍ ചോദിക്കുന്നു.

ഐഎസ്എല്ലിലേയും ഐലീഗിലേയും ടീമുകള്‍ മത്സരിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് സൂപ്പര്‍ കപ്പ്. മൊത്തം 16 ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ കപ്പില്‍ ഇരു ലീഗുകളിലേയും ആദ്യ 6 സ്ഥാനക്കാരായ ടീമുകളും, ക്വാളിഫയേഴ്‌സ് റൗണ്ടില്‍ ജയിച്ചെത്തുന്ന 4 ടീമുകളുമാണ് മത്സരിക്കുക.

error: Content is protected !!