നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ച് വരുമോ ??

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വിലയേറിയ ട്രാന്‍സ്ഫറില്‍ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെത്തിയ നെയ്മര്‍ വീണ്ടും ബാഴ്‌സയിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാറ്റലന്‍ ക്ലബ്ബിന്റെ പരിശീലകന്‍ ഏണസ്റ്റോ വല്‍വെര്‍ഡെ. നെയ്മര്‍ തിരിച്ചുവരുന്ന കാര്യം വെറും മനോരാജ്യമാണെന്നാണ് ബാഴ്‌സലോണ കോച്ച് വ്യക്തമാക്കിയത്.

222 ദശലക്ഷം യൂറോയെന്ന ലോക റെക്കോര്‍ഡ് തുകക്കാണ് നെയ്മര്‍ പിഎസ്ജിയിലേക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ കൂടുമാറിയത്. അതേസമയം, പിഎസ്ജിയില്‍ താരം തൃപ്തനല്ലെന്നും ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നെയ്മര്‍ ബാഴ്‌സയിലേക്ക് തിരിച്ചുവരുന്നുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയേണ്ട ആവശ്യം ബാഴ്‌സലോണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നും വരുന്നു എവിവിടെ അവസാനിക്കുന്നു എന്നൊന്നും അറിയില്ലെന്നും വല്‍വെര്‍ഡെ കൂട്ടിച്ചേര്‍ത്തു.

ബാഴ്സയില്‍ മെസിയുടെ നിഴലിലാണു നെയ്മറെന്നും അതില്‍ നിന്നും പുറത്തു കടന്ന് പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിക്കാനാണു താരം ക്ലബ് വിടുന്നതെന്നുമായിരുന്നു പല പ്രമുഖ താരങ്ങളടക്കം അഭിപ്രായപ്പെട്ടത്. എന്നാല്‍ ബാഴ്സ വിടാനുള്ള തന്റെ തീരുമാനത്തില്‍ കടുത്ത നിരാശനാണു നെയ്മറെന്നും മുന്‍ ക്ലബിലേക്കു തിരിച്ചു വരാന്‍ താരം ആഗ്രഹിക്കുന്നതായും പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോര്‍ടീവോയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാഴ്സലോണയിലെ തന്റെ മുന്‍ താരങ്ങളോടും എക്സിക്യൂട്ടീവുകളോടും ക്ലബിലേക്കു തിരിച്ചു വരുന്ന കാര്യം നെയ്മര്‍ വെളിപ്പെടുത്തിയതായും മുണ്ടോ ഡിപോര്‍ടിവോ പുറത്തു വിട്ടു.

ബാഴ്സയില്‍ നിന്നു വന്‍ പ്രതീക്ഷകളോടെ പിഎസ്ജിയിലെത്തിയെങ്കിലും താരം ഫ്രാന്‍സില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പേ പുറത്തു വന്നിരുന്നു. പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുകയെന്ന ലക്ഷ്യവുമായാണ് നെയ്മര്‍ എത്തിയതെങ്കിലും റയലിനോട് തോറ്റ് യൂറോപ്പില്‍ നിന്നും പുറത്തേക്കു മടങ്ങാനായിരുന്നു അവരുടെ വിധി. ആദ്യ പാദത്തില്‍ നെയ്മര്‍ ഇറങ്ങിയിട്ടും 3-1ന് പരാജയപ്പെട്ട പിഎസ്ജി പരിക്കു മൂലം നെയ്മര്‍ കളിക്കാതിരുന്ന രണ്ടാം പാദത്തില്‍ 2-1 നും പരാജയപ്പെട്ടു.

അതേസമയം, താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡും ശ്രമം തുടങ്ങിയതായി റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. നെയ്മറിന്റെ പിതാവ് നെയ്മര്‍ സീനിയര്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെന്നും 400 ദശലക്ഷം യൂറോയ്ക്ക് താരത്തെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് ഒരുക്കമാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസ് നെയ്മറിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

error: Content is protected !!