നന്നായി ഉറങ്ങൂ പോസറ്റീവ് ആയി ചിന്തിക്കൂ

ജീവിതത്തോട് ആകെ ഒരു വിഷാദഭാവമാണോ നിങ്ങൾക്ക്? എന്തിനോടും നെഗറ്റീവ് ആയി പ്രതികരിക്കുന്ന സ്വഭാവമുണ്ടോ? എങ്കിൽ വൈകണ്ട. നിങ്ങളുടെ ഉറക്കം ശരിയല്ലെന്നു ചുരുക്കം. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവരിൽ അമിതമായ ആശങ്ക, വിഷാദം, നിരാശ എന്നിവ വർധിക്കുന്നതായി ന്യൂയോർക്കിലെ പഠനങ്ങൾ കണ്ടെത്തിയത്രേ.

ഷിക്കാഗോയിലെ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എംആർഐ പരിശോധനകൾ നടത്തി ജീവിതശൈലികളും ഉറക്കരീതിയും വിശദമായി പഠിച്ച് ഈ നിഗമനത്തിൽ എത്തിയത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമള്ളവരിൽ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തൽ. ഓരോരുത്തരും ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുന്ന സമയം കൃത്യമായി പരിശോധിച്ചു.

ചിലർക്ക് വളരെക്കുറച്ചുമാത്രമേ ഉറക്കമുള്ളൂവെന്നും ഇത്തരത്തിലുള്ളവരുടെ പകലുകൾ കൂടുതൽ അസ്വസ്ഥത നിറഞ്ഞതാണെന്നും പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായി. ഇവരെ മനശ്ശാസ്ത്രപരമായി പരിശോധിച്ചപ്പോഴാണ് ഉറക്കം കുറവുള്ളവർ ചെറിയ കാര്യങ്ങൾക്കു പോലും ദേഷ്യപ്പെടുന്നവരും അതിവൈകാരികത പ്രകടിപ്പിക്കുന്നവരും ആണെന്നു മനസ്സിലായത്. ഇവർക്ക് ജീവിതത്തോട് ക്രമേണ വിഷാദാത്മകമായ സമീപനം കൈവരുന്നതായും കണ്ടെത്തി.

ചുരുക്കത്തിൽ മനസ്സിന്റെ ഉണർവിന് ആദ്യം ശരിയാക്കേണ്ടത് ഉറക്കമാണ്. കൃത്യമായ സമയം ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുക. ഉറക്കം കുറവുള്ള ദിവസം പകൽസമയം ഉറങ്ങാൻ നേരം കണ്ടെത്തുക. സ്ലീപ് തെറാപ്പിയിലൂടെ പല മാനസിക വൈകല്യങ്ങൾക്കും ഒരു പരിധി വരെ നിയന്ത്രണം കൊണ്ടുവരാമെന്നും ഡോക്ടർമാർ പറഞ്ഞു.

error: Content is protected !!