യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ നടുറോട്ടിലിട്ട് കുത്തിക്കൊന്നു

കാമുകനായ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ നടുറോട്ടിലിട്ട് കുത്തിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഡല്‍ഹി യിലാണ് സംഭവം. രണ്ടും പേരും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിക്കാനിരിക്കെയാണ് ദുരന്തം. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനെ പൊലീസ് അന്വേഷിക്കുകയാണ്.

ഫോട്ടോഗ്രാഫറായ അങ്കിത് മൂന്നു വര്‍ഷമായി യുവതിയുമായി സ്‌നേഹത്തിലായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. ഇരുവരും വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതാണ് എതിര്‍പ്പിന് വഴിവെച്ചത്. വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അമ്മാവനും കൂടി അങ്കിതിനെ നടുറോഡിലിട്ട് തല്ലിച്ചതയ്ക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. യുവാവിന് കഴുത്തിലാണ് കുത്തേറ്റത്. ഇരുവരും വിവാഹം കഴിക്കാനിരിക്കയാണ് കൊലപാതകം നടന്നതെന്നാണ് യുവതി പറയുന്നത്.

മകനെ റോഡിലിട്ട് തല്ലിച്ചതയ്ക്കുന്ന വിവരം കേട്ട് ഓടിയെത്തിയ അമ്മ കമലേഷ് കാണുന്നത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അങ്കിതിനെ തല്ലുന്നതാണ്. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ അമ്മ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അമ്മയുടെ മുന്നിലിട്ട് അങ്കിതിനെ കൊലപ്പെടുത്തുകയായിരുന്നു. രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും ഫോട്ടോ എടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്ന് കമലേഷ് പറഞ്ഞു.

error: Content is protected !!