വിനീതിനെതിരെയും ആരാധക രോഷം

ഐഎസ്എല്ലില്‍ ചെന്നൈക്കെതിരെ നടന്ന നിര്‍ണായക ഐഎസ്എല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോള്‍ നേടാനാവാതെ പോയതാണ് കേരള ടീമിന് വിനയായത്. ചെന്നൈയിന്‍ ഗോളി കരണ്‍ജിത് സിംഗിന്റെ പ്രകടനവും ഗോള്‍ നേടുന്നതില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിനെ തടഞ്ഞു.

ജീവന്മരണ പോരാട്ടത്തില്‍ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്‌സ് താരം കറേജ് പെകുസനായില്ല. ബുള്ളറ്റ് ഷോട്ടുകള്‍ക്കും കൃത്യതയുള്ള അസിസ്റ്റുകള്‍ക്കും പേരു കേട്ട താരത്തിനു പക്ഷേ ഇന്നലെ പെനാല്‍ട്ടിയുടെ സമയത്ത് അതു കൈമോശം വന്നു. താരത്തിന്റെ ദുര്‍ബലമായ പെനാല്‍ട്ടി ചെന്നൈയിന്‍ ഗോളി അനായാസം തടഞ്ഞിടുകയായിരുന്നു.

പെകുസനു പുറമേ കേരള താരം വിനീതും മത്സരത്തില്‍ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയില്‍ ഒരു ഷോട്ട് പോസ്റ്റിലടിച്ചു പുറത്തു പോയതൊഴിച്ചാല്‍ വിനീത് മത്സരത്തില്‍ പരാജയമായിരുന്നു. മാത്രമല്ല, റീബൗണ്ടില്‍ നിന്നും ചെന്നൈ വല കുലുക്കാന്‍ രണ്ടു തവണ സുവര്‍ണാവസരം ലഭിച്ചിട്ടും വിനീത് അതു തുലക്കുകയായിരുന്നു. ഒരു പൊഫഷണല്‍ ഫുട്‌ബോള്‍ താരവും വരുത്താന്‍ പാടാത്ത പിഴവാണ് താരം മത്സരത്തില്‍ രണ്ടു തവണയും വരുത്തിയത്.

നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിനു ശേഷവും വിനീതിന്റെ പ്രകടനത്തെ ആരാധകര്‍ വിമര്‍ശിച്ചിരുന്നു. മുന്നേറ്റനിരയിലെ മറ്റു താരങ്ങളുമായി ഒത്തു പോകുന്നില്ലന്നതും പന്തു കാലില്‍ നിയന്ത്രിക്കാന്‍ കഴിവില്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തായാലും സമനിലയോടെ പ്ലേ ഓഫ് സാധ്യത ഇല്ലാതായ ബ്ലാസ്റ്റേഴ്‌സിന് ഇനി സൂപ്പര്‍ ലീഗില്‍ മാത്രമാണ് ആകെയുള്ള പ്രതീക്ഷ

error: Content is protected !!