ഇരുന്നു ജോലി ചെയ്യുന്നവരാണോ? സൂക്ഷിക്കുക

ദീര്‍ഘനേരം ഇരുന്നുള്ള ജോലി ചെയ്യല്‍ ആരോഗ്യത്തിനു ഹാനികരമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ നീണ്ടനേരത്തെ ഈ ഇരുപ്പ് ഏറ്റവും കൂടുതല്‍ അപകടത്തിലാക്കുന്നത് ഹൃദയത്തെ ആണത്രേ. ദീര്‍ഘനേരമിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ്‌ ആണെന്ന് പഠനങ്ങള്‍.

9 മുതല്‍ 10 മണിക്കൂര്‍ നേരം ഒരേയിരിപ്പിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്‌. ഇടയ്ക്കിടെ എഴുനേറ്റു ലഘുവ്യായാമങ്ങള്‍ ചെയ്‌താല്‍ പോലും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്.

ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ രക്തം ഹൃദയം പമ്പ് ചെയ്യുന്നതിന് ഇത് തടസ്സമാണ്.

യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരിക്കുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തെയും ബാധിക്കും.

അടുത്തിടെ ലോകത്തിന്റെ പലഭാഗത്തുള്ള ശാസ്ത്രജ്ഞര്‍ ഈവിഷയത്തില്‍ പഠനം ആരംഭിച്ചിരുന്നു. ട്രോപോനിന്‍സ് ( troponins ) എന്ന പ്രോട്ടീനുമായി ബന്ധപ്പെട്ടായിരുന്നു ആ പഠനം. ഹൃദയപേശികള്‍ക്ക് ക്ഷതമേല്‍ക്കുമ്പോള്‍ കാര്‍ഡിയാക്ക് മസ്സില്‍ സെല്ലുകള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന്‍ ആണ് ട്രോപോനിന്‍സ്.

ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ ഇത് ക്രമാതീതമായി രക്തക്കുഴലിലേക്ക് പ്രവഹിപ്പിച്ച്ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

അതുകൊണ്ടുതന്നെ ശരീരത്തില്‍ ട്രോപോനിന്‍സ് വര്‍ധിച്ച നിലയില്‍ കാണപ്പെടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാണ്. നിലവില്‍ ശരീരത്തിലെ ഈ പ്രതിഭാസവും ദീര്‍ഘനേരമുള്ള ഇരിപ്പുമായി ബന്ധമുണ്ടോ എന്നാണു ഗവേഷകര്‍ പരിശോധിച്ചത്.

ഇതിന്റെ ഭാഗമായി ടെക്സാസ് സര്‍വകലാശാലയില്‍ ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ചു പഠനം നടത്തിയിരുന്നു. പല മേഖലയില്‍ നിന്നുള്ള പല ജോലി ചെയ്യുന്നവര്‍ ആയിരുന്നു ഇതില്‍ പങ്കെടുത്തത്. പൂര്‍ണആരോഗ്യവാന്മാരും ഹൃദ്രോഗം ഉള്ളവരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. വിവിധപരിശോധനഫലങ്ങളും ഇവരുടെ ട്രോപോനിന്‍സ് അളവും പഠനവിധേയമാക്കിയിരുന്നു. ഇതില്‍ നിന്നും കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരില്‍ ട്രോപോനിന്‍സ് അളവ് കൂടിയ അളവില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.

അതേസമയം കൂടുതല്‍ നേരം വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ട്രോപോനിന്‍സ് അളവ് കുറഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്തു.

പത്തുമണിക്കൂര്‍ നേരമോ അതിലധികമോ ദിവസവും ഇരുന്നു ജോലി ചെയ്യുന്നവരിലാണ് ശരാശരി അളവില്‍ കൂടിയ നിലയില്‍ ട്രോപോനിന്‍സ് കണ്ടെത്തിയത്. ഇത് ഹൃദ്രോഗസാധ്യതയാണ് സൂചിപ്പിക്കുനതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ നേരത്തെ ഈ ഇരുപ്പും ഹൃദയപേശികളും തമ്മിലുള്ള ബന്ധത്തെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നാണു ഇതിനു നേതൃത്വം നല്‍കിയ ഡോകടര്‍ ജെയിംസ്‌ ഡി ലിമോസ് പറയുന്നത്.

error: Content is protected !!