രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടിക്ക് 21 ദിവസം കൊണ്ട്‌ 70 ലക്ഷം ലാഭം

രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ലക്‌നൗ-ഡല്‍ഹി തേജസ് എക്‌സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തില്‍തന്നെ മികച്ച ലാഭമുണ്ടാക്കിയത്. ഓടിത്തുടങ്ങിയ ഒക്ടോബര്‍ അഞ്ചുമുതല്‍ 28വരെ സര്‍വീസ് നടത്തിയ 21 ദിവസത്തെ കണക്കാണിത്.

റെയില്‍വേയുടെ ഉപകമ്ബനിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍(ഐ.ആര്‍.സി.ടി.സി.) ആണ് തേജസ് എക്സ്‌പ്രസ് സര്‍വീസ് നടത്തുന്നത്.

ശരാശരി 80-85 ശതമാനം സീറ്റുകള്‍ നിറഞ്ഞാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറുദിവസമോടുന്ന തീവണ്ടിക്ക് ദിവസം ശരാശരിവരുമാനം 17.50 ലക്ഷം രൂപയാണ്; ചെലവ് 14 ലക്ഷവും. 21 ദിവസം സര്‍വീസിന് ചെലവായത് മൂന്നുകോടി രൂപയാണ്. തീവണ്ടി വൈകിയാല്‍ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി. വാഗ്ദാനംചെയ്യുന്നത്.

കേരളത്തിലേതടക്കം 150 സ്വകാര്യതീവണ്ടിസര്‍വീസുകള്‍ തുടങ്ങാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന് ഊര്‍ജംപകരുന്നതാണ് ആദ്യ സര്‍വീസിനുലഭിച്ച മികച്ചപ്രതികരണം. രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയില്‍ ഈമാസം സര്‍വീസ് തുടങ്ങാനിരിക്കുകയാണ്.

error: Content is protected !!