സല്‍മാന്‍ ഖാന്റെ വീടിന് നേരെ ഉണ്ടായ വെടിവെയ്പ്പ്; പ്രതികളെ ചോദ്യം ചെയ്ത് എൻഐഎ

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെയ്പ്പിൽ പ്രതികളെ ചോദ്യം ചെയ്ത് എൻഐഎ സംഘം. പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്നും സാമ്പത്തിക സ്രോതസുണ്ടോ എന്നുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതേസമയം ആക്രമണത്തിനായി തോക്ക് എത്തിച്ചു നൽകിയ പ്രതികളെ മുംബൈയിലെത്തിച്ചു.

സല്‍മാന്‍ ഖാനും കുടുംബവും ആക്രമണമുണ്ടായ അപ്പാർട്ട്‌മെൻ്റിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വീട് മാറിയത് കൊണ്ട് പ്രശ്നത്തിന് പരിഹാരമാവില്ലെന്നും കൃത്യം ചെയ്യാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ അത് എവിടെ വേണമെങ്കിലുമാകാമെന്നും സല്‍മാന്റെ സഹോദരനും നടനും നിർമ്മാതാവുമായ അർബാസ് പറഞ്ഞു.

സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പിൽ ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെയാണ് എൻഐഎ അന്വേഷണം നടക്കുന്നത്. നടനുമായി മുൻവൈരാഗ്യമോ ശത്രുതയോ പ്രതികൾക്കില്ല എന്നും പണത്തിനും പ്രശസ്തിയ്ക്കും വേണ്ടിയാണ് ഇരുവരും കൃത്യം ഏറ്റെടുത്തതെന്നുമാണ് പ്രതികളുടെ മൊഴികളില്‍ നിന്നും അന്വേഷണ സംഘം വ്യാക്തമാക്കുന്നത്.

പ്രതികൾക്ക് തോക്ക് നൽകിയ പഞ്ചാബ് സ്വദേശികളെ ഇന്ന് മുംബൈയിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. മുഖ്യപ്രതികളായ സാഗർ പാലിന്റെയും, വിക്കി ഗുപ്തയുടേയും കസ്റ്റഡി കാലാവധി അടുത്ത തിങ്കളാഴ്ച്ച തീരാനിരിക്കെ കൂടുതൽ കണ്ടെത്തലുകളിലേക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയേക്കും.

error: Content is protected !!