ചീത്തപ്പേരൊഴിവാക്കാന്‍ ആമസോണ്‍ ഇന്ത്യ

ലോകത്തെ ഏറ്റവും ഭീമൻ ഓൺ ലൈൻ റീറ്റെയിലിങ് കമ്പനിയായ ആമസോൺ
ഇന്ത്യയിലെ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനു പുതിയ നീക്കങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ ചിരവൈരികളായ വാൾമാർട്ട് ഇന്ത്യയിൽ പിടി മുറുക്കുന്നതിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഈ നീക്കങ്ങൾക്ക് സവിശേഷ പ്രാധാന്യമാണ് സാമ്പത്തിക കേന്ദ്രങ്ങൾ കാണുന്നത്. ആഗോള തലത്തിൽ ജീവനക്കാരോട് മോശമായി പെരുമാറുന്ന കമ്പനി എന്ന ചീത്തപ്പേര് മറയ്ക്കാൻ വേണ്ടി കൂടിയാണ് ഈ നീക്കം. ഈയിടെയാണ് 95 ലക്ഷം കോടി രൂപ മുടക്കി വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറെറടുത്തത്.

ആമസോണിന്റെ ഇന്ത്യ ഹെഡ് അമിത് അഗർവാൾ കമ്പനിയിലെ സീനിയർ ഉദ്യോഗസ്ഥർക്ക് അയച്ച ഇ മെയിൽ സന്ദേശമാണ് വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ജീവനക്കാർക്ക് സ്വകാര്യ ആവശ്യങ്ങൾക്കും വിനോദത്തിനും കൂടുതൽ സമയം ഉറപ്പാക്കണമെന്നാണ് ആദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വൈകീട്ട് ആറിനും രാവിലെ എട്ടിനും ഇടയ്ക്ക് പ്രധാനപ്പെട്ട ഒരു ബിസിനസ് തീരുമാനവും എടുക്കാൻ പാടില്ലെന്നും അമിത് നിർദേശിച്ചിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഈ സമയത്ത് തീരുമാനമാകാം. ഇക്കാര്യത്തിൽ ജീവനക്കാർക്ക് വ്യക്തിപരമായ നിലയിൽ തീരുമാനം എടുക്കാവുന്നതാണ്. ജോലി സമയത്തിൽ അനുവദിക്കുന്ന ഫ്ലെക്സിബിലിറ്റി ആണ് മറ്റൊരു പ്രത്യേകത. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും തടസമില്ല.

ആഗോള തലത്തിൽ ജീവനക്കാരോട് കർക്കശ്യത്തോടെ പെരുമാറുന്ന കമ്പനി എന്ന ചീത്തപ്പേര് ആമസോണിനുണ്ട്. അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ കമ്പനി ജീവനക്കാരോട് മോശമായി പെരുമാറിയതിന് നിരവധി കേസുകൾ
ആ രാജ്യത്തും യൂറോപ്പിലും നേരിട്ട് വരികയാണ്. ഈ പേര് ഇന്ത്യയിൽ ഉണ്ടാകാതിരിക്കാൻ ഏറെ കരുതലോടെയാണ് ആമസോൺ ഇന്ത്യ നീങ്ങുന്നത്.
ഇംഗ്ലണ്ടിലെ ആമസോൺ ജീവനക്കാർ കടുത്ത സമ്മർദ്ദത്തിലാണ് ജോലി ചെയ്യന്നത് എന്ന് സൺ ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.ടോയ്‌ലെറ്റിൽ പോകുന്നത് ജോലി സമയം നഷ്ടപെടുത്തുമെന്നതിനാൽ വെയർ ഹൌസ് ജീവനക്കാർ കുപ്പികളിൽ മൂത്രം ഒഴിച്ചിരുന്നതായി പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഈയിടെ ടെക്‌സാസിലെ ഒരു ജീവനക്കാരി വീട്ടുവാടക കൊടുക്കാൻ പണമില്ലാത്തതിനാൽ കാറിലാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ജോലിക്കിടയിൽ പരിക്ക് പറ്റിയെങ്കിലും മതിയയായ ചികിത്സ സൗകര്യം കമ്പനി നൽകിയില്ലെന്നും അവർ ആരോപിച്ചിരുന്നു.

ഇത് മൂലം നിശ്ചിത ടാർജറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരികയും അതിന്റെ പേരിൽ കമ്പനി പിഴ ഈടാക്കുകയും ചെയ്തുവത്രേ. ബ്ലൂ കോളർ ജോലിക്കാർ മാത്രമല്ല,  ഉയർന്ന തസ്തികയിൽ ജോലി ചെയ്യന്നവരും പലവിധ പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുന്നുവെന്നാണ് റിപോർട്ടുകൾ. എന്നാൽ ഇന്ത്യയിൽ ഈ ദുഷ്‌പേര് മാറ്റാനാണ് കമ്പനിയുടെ കൊണ്ടു പിടിച്ച ശ്രമം. ലിങ്ക്ഡ് ഇൻ നടത്തിയ സർവേയിൽ ജോലിക്കാരുടെ സംതൃപ്തിയുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്താണ് ആമസോൺ. എന്നാൽ ഫ്ലിപ്കാർട്ട്, പേ റ്റിഎം എന്നിവയെക്കാൾ താഴെയാണ് ഇവരുടെ സ്ഥാനം.

error: Content is protected !!