‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന്‍ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണം; മുഖ്യമന്ത്രി

ദല്ലാള്‍ ടി ജി നന്ദകുമാറുമായുള്ള ബന്ധത്തില്‍ ഇ പി ജയരാജന് മുഖ്യമന്ത്രിയുടെ തിരുത്ത്. സൗഹൃദങ്ങളില്‍ ജാഗ്രത വേണമെന്നാണ് ദല്ലാള്‍ നന്ദകുമാര്‍ തൊടുത്തുവിട്ട പുതിയ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇ പി ജയരാജന് വീഴ്ചയുണ്ടായി. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും. ഇന്നാരെയാണ് വഞ്ചിക്കേണ്ടത് എന്ന് ആലോചിച്ച് നടക്കുന്നവരുമായി സൗഹൃദം ഉപേക്ഷിക്കേണ്ടതാണ്. ജയരാജന്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പാലിക്കാറില്ലെന്ന് നേരത്തെ തന്നെയുള്ള അനുഭവമാണ്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കാണുന്നതില്‍ തെറ്റില്ല. ഒരു രാഷ്ട്രീയ നേതാവിനെ കാണുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. ഇ പിയ്‌ക്കെതിരായി ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം പാര്‍ട്ടിയെ ലക്ഷ്യംവച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തോടൊപ്പമെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടുരേഖപ്പെടുത്തിയത്. പിണറായി ആര്‍സി അമല ബേസിക് യു പി സ്‌കൂളില ബൂത്തിലെത്തിയാണ് മുഖ്യമന്ത്രി വോട്ടുരേഖപ്പെടുത്തിയത്. ഏറെ നേരം ക്യൂ നിന്നശേഷമാണ് മുഖ്യമന്ത്രി വോട്ടുരേഖപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളം ചരിത്രവിജയം സമ്മാനിക്കുമെന്ന് വോട്ടുചെയ്ത ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപിയ്‌ക്കെതിരായ വലിയ മുന്നേറ്റം കേരളത്തില്‍ ദൃശ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഇവിടെ വലിയ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ബിജെപിയ്ക്ക് മുന്‍പും കേരളത്തില്‍ മുന്നേറ്റമില്ല. കേരളത്തില്‍ ഒരു മണ്ഡലത്തില്‍പ്പോലും ഇത്തവണ ബിജെപി രണ്ടാം സ്ഥാനത്തുപോലും എത്തില്ലെന്ന് ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെതിരെ നിലപാട് സ്വീകരിച്ച രണ്ട് കൂട്ടരില്‍ ഒന്ന് ബിജെപിയും കോണ്‍ഗ്രസുമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കാത്ത യുഡിഎഫ് എംപിമാരും പ്രതികരിച്ചിട്ടില്ല. രണ്ട് കൂട്ടരുടേയും കേരളവിരുദ്ധ നിലപാട് ജനങ്ങളില്‍ മനോവേദനയുണ്ടാക്കി. ഇതിനെതിരെ പ്രതികരിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ കേരളത്തിലെ ജനങ്ങള്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!