വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പെരുമാറ്റചട്ട ലംഘനത്തിനെതിരെ പരിശോധന ശക്തം

52083 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കി

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എം സി സി നിരീക്ഷണ സ്‌ക്വാഡുകള്‍ പെരുമാറ്റ ചട്ടലംഘനത്തിനെതിരെയുള്ള നടപടി ശക്തമായി തുടരുന്നു.  ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 52083 പ്രചാരണ സാമഗ്രികള്‍ ഇതുവരെ നീക്കം ചെയ്തു. പോസ്റ്റര്‍, ബാനര്‍, കൊടിതോരണങ്ങള്‍ തുടങ്ങി പൊതുസ്ഥലത്തെ 51977 എണ്ണവും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 106 എണ്ണവുമാണ് മാറ്റിയത്.
വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുസ്ഥലത്ത് പതിപ്പിച്ച 38206 പോസ്റ്റര്‍, 5929 ബാനര്‍, ,2147 ചുവരെഴുത്ത്, 5695 മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയാണ് ഒഴിവാക്കിയത്. ബുധനാഴ്ച മാത്രം പൊതുസ്ഥലത്ത് നിന്ന് 1487 എണ്ണവും സ്വകാര്യ സ്ഥലത്ത് നിന്ന് ഒരെണ്ണവും മാറ്റിയിരുന്നു. സ്വകാര്യ സ്ഥലത്ത് സ്ഥലയുടമയുടെ അനുമതിയില്ലാതെ പതിപ്പിച്ച 76 പോസ്റ്റര്‍, 24 ബാനര്‍, 4 ചുവരെഴുത്ത്, രണ്ട് മറ്റ് പ്രചാരണ സ്മഗ്രികള്‍ എന്നിവയും നീക്കി. പരിശോധനക്കിടെ കണ്ടെത്തിയും പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി. എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം. ഓരോ നിയമസഭ മണ്ഡലത്തിലും രണ്ടുവീതം സംഘങ്ങളാണുള്ളത്.

ഓരോ സ്‌ക്വാഡിലും പൊലീസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടക്കം അഞ്ച് പേരാണുള്ളത്. 22 സ്‌ക്വാഡുകളിലായി 110 പേരും ജില്ലാതലത്തിലുള്ള രണ്ട് സ്‌ക്വാഡുകളിലായി 34 പേരുമുണ്ട്. ആകെ 144 പേരെയാണ് ഇതിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്   പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നൽകുന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചു.പ്രിസൈഡിങ് ഓഫീസര്‍, മൂന്നു പോളിംഗ് ഓഫീസര്‍മാര്‍ എന്നിവർ അടങ്ങുന്ന പോളിങ് ടീമിനാണ് പരിശീലനം നൽകുന്നത്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പരീശീലനം ആരംഭിച്ചത്.

 
പയ്യന്നൂര്‍  മണ്ഡലത്തിൽ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍,
കല്യാശ്ശേരി മണ്ഡലത്തിൽ കല്യാശ്ശേരി കെപിആര്‍ ഗോപാലന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,തളിപ്പറമ്പ് മണ്ഡലത്തിൽ കരിമ്പം കിലാ സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിംഗ് ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് ,ഇരിക്കൂര്‍ മണ്ഡലത്തിൽ ശ്രീകണ്ഠാപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തിൽ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജ് ,കണ്ണൂര്‍ മണ്ഡലത്തിൽ ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ധര്‍മ്മടം മണ്ഡലത്തിൽ ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ,തലശ്ശേരി മണ്ഡലത്തിൽ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജ് ടീച്ചര്‍ എജുക്കേഷന്‍ ,തലശ്ശേരി  വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയം ഹാള്‍ ,കൂത്തുപറമ്പ് മണ്ഡലത്തിൽ കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊക്കിലങ്ങാടി,മട്ടന്നൂര്‍ മണ്ഡലത്തിൽ  മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,പേരാവൂര്‍ മണ്ഡലത്തിൽ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുണ്ടിയില്‍ എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുന്നത്. 
ഓരോ നിയോജക മണ്ഡലത്തിലും  ആറ് ബാച്ചുകൾക്ക് വീതം 66 സംഘങ്ങൾക്കാണ് ആദ്യ ദിനം പരിശീലനം നൽകിയത് .8972 പേര്‍ക്കാണ്  മൂന്ന് ദിനങ്ങളിലായി രണ്ടാം ഘട്ട പരിശീലനം നല്‍കുന്നത്.

മാസ്റ്റർ ട്രെയിനർമാർ,എ ആർ ഒ മാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണൂർ മണ്ഡലം തല പരിശീലനം കലക്ടർ അരുൺ കെ വിജയൻ സന്ദർശിച്ചു.ക്ലാസുകള്‍ 20 ന് അവസാനിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബൈക്ക് റാലി 20ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 20ന് വൈകിട്ട് നാല് മണിക്ക് ബൈക്ക് റാലി സംഘടിപ്പിക്കുന്നു. കലക്ടറേറ്റ് പരിസരം മുതല്‍ പയ്യാമ്പലം ബീച്ച് വരെയാണ് റാലി നടക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: ആംഗ്യഭാഷയിൽ വോട്ടർ ബോധവൽക്കരണ വീഡിയോ പുറത്തിറക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ആംഗ്യഭാഷയിൽ വോട്ടർ ബോധവൽക്കരണ വീഡിയോ പുറത്തിറക്കി. ഭിന്നശേഷി സൗഹൃദമായ ബാരിയര്‍ ഫ്രീ  തിരഞ്ഞെടുപ്പ് എന്ന ആശയത്തിലാണ് ഈ വീഡിയോ കണ്ണൂർ ജില്ലയിലെ സ്വീപിൻ്റെ നേതൃത്വത്തിൽ  ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ്  ഭിന്നശേഷി സൗഹൃദമാക്കാൻ  തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളാണ് വീഡിയോയിൽ  വിശദീകരിക്കുന്നത്. വീഡിയോ കണ്ണൂർ ജില്ലാ കലക്ടറിൻ്റെ  ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും  കണ്ണൂർ അസി: കലക്ടറിൻ്റെ ഔദ്യോഗിക യൂടൂബ് അക്കൗണ്ടിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം.
നാഷണല്‍ അപ്രന്റിസ്ഷിപ് സ്‌കീം പ്രകാരം അപ്രന്റിസ് ട്രെയിനിങ് നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ഐ ടി ഐ ട്രേഡ് അപ്രന്റിസ് ട്രെയിനികളും ട്രെയിനിങ്ങിന് രജിസ്റ്റര്‍ ചെയ്ത ട്രെയിനികളും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണംഅവരുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് ബന്ധപ്പെട്ട ബാങ്കില്‍ നേരിട്ട് സന്ദര്‍ശിച്ച് ആധാറുമായി ബന്ധിപ്പിക്കണമെന്ന് അസി.അപ്രന്റിസ്ഷിപ് അഡൈ്വസര്‍ അറിയിച്ചു.  അങ്ങനെ  ചെയ്ത അക്കൗണ്ടില്‍ മാത്രമേ ഡിബിടി സ്‌കീം പ്രകാരം സ്റ്റൈപ്പന്റ് ലഭ്യമാവുകയുള്ളൂ.
അസാപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മര്‍ ക്യാമ്പ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ്. അഞ്ച് ദിവസങ്ങളായി നടത്തുന്ന ഈ സൗജന്യ വര്‍ക്ക്‌ഷോപ്പ് മെയ് ആറ് മുതല്‍ ജൂണ്‍ ഏഴ് വരെ ഉണ്ടാകും.  പത്താം ക്ലാസ്/ പ്ലസ്ടു ആണ് യോഗ്യത.  പ്രായപരിധി 24 വയസ്.  രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് ക്യാമ്പ്. ക്യാമ്പിന് ആസ്പദമാക്കിയുള്ള വിഷയങ്ങള്‍ പല ദിവസങ്ങളിലായിട്ടാണ് നടത്തുന്നത്.
താല്‍പര്യമുള്ളവര്‍ക്ക് https://forms.gle/ES1wjNbXVNQKTZwm8 എന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 80758 51148, 96330 15813, 7907828369.

ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.  ഫോണ്‍: 0460 2205474, 2954252, 9072592458.

error: Content is protected !!