യെമനിലെത്തി നിമിഷ പ്രിയയെ കണ്ട് അമ്മ; 12 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കണ്ട് മാതാവ് പ്രേമകുമാരി. യെമനിലെ സനയിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. ജീവിതത്തിനും മരണത്തിനുമിടയിലെന്ന അവസ്ഥയിലെ നിസ്സഹായതയ്ക്കും അനിശ്ചിതത്വത്തിനും ഇടയില്‍ നടന്ന ആ കൂടിക്കാഴ്ച ഏറെ വൈകാരികവും പ്രതീക്ഷ നല്‍കുന്നതുമായിരുന്നു.

2017ലാണ് നിമിഷപ്രിയ ജയിലിലാകുന്നത്. അതിനുശേഷം ഒരു പതിറ്റാണ്ടിലേറെ പ്രേമകുമാരി നടത്തിയ നിമയപോരാട്ടത്തിന് ഒടുവിലാണ് അവര്‍ക്ക് സ്വന്തം മകളെ കാണാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് സനയിലെ ജയിലില്‍ വികാര നിര്‍ഭര കൂടിക്കാഴ്ച നടന്നത്. സേവ് നിമിഷപ്രിയ ഫോറത്തിലെ അംഗം സാമുവല്‍ ജെറോമും പ്രേമകുമാരിയ്‌ക്കൊപ്പമുണ്ടായിരുന്നു.

എംബസി ജീവനക്കാരും ഇന്ന് പ്രേമകുമാരിയ്‌ക്കൊപ്പം സനയിലെ ജയിലിലെത്തിയിരുന്നു. നിമിഷപ്രിയയേയും മാതാവിനേയും മാത്രമായി സംസാരിക്കാന്‍ അനുവദിച്ചു. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നിമിഷപ്രിയയ്ക്കും മാതാവിനും നല്‍കിയതായി സാമുവേല്‍ ജെറോം അറിയിച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ഇനി പ്രേമകുമാരി ഉടന്‍ തന്നെ ഗോത്രതലവന്മാരുമായി ചര്‍ച്ച നടത്തും. നിമിഷപ്രിയയുടെ മാതാവും മലയാളി സംഘടനകളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളികളാകും.

error: Content is protected !!