മെമ്മറി കാർഡ് ചോർന്നതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നത് : അതിജീവിത

മെമ്മറി കാർഡ് ചോർന്നതിലെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത. ഈ കോടതിയിൽ എന്റെ സ്വകാര്യത സുരക്ഷിതമല്ലെന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും കോടതി കസ്റ്റഡിയിലിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിജീവിത പറഞ്ഞു. താൻ പ്രത്യാശ നഷ്ടപ്പെടാതെ നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത കുറിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

നടിയെ ആക്രമിച്ച കേസിൽ മെമ്മറികാർഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോർട്ടിനാധാരമായ സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് നൽകണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് റിപ്പോർട്ട് ലഭിക്കുന്നതും തുടർന്ന് നടിയുടെ പ്രതികരണം വരികയും ചെയ്തത്.

അതിജീവിതയുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. സാക്ഷിമൊഴികൾ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അതിജീവിതയുടെ ആവശ്യം നിരസിക്കാൻ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു മറ്റ് ആവശ്യങ്ങളിൽ മെയ് 30ന് വാദം കേൾക്കുമെന്ന് അറിയിച്ചു. ഇതിനിടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോർട്ട് രഹസ്യ റിപ്പോർട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി എം വർഗീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വർഗീസ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിമർശനമുണ്ട്.

error: Content is protected !!