യുഎഇയിൽ കനത്ത മഴ; നെടുമ്പാശ്ശേരിയിൽ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

വിമാന സര്‍വ്വീസുകളെ ബാധിച്ച് കനത്തമഴ. കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളും താളം തെറ്റിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.

യുഎഇയിൽ മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ട്. അൽഐനില്‍ മാത്രമാണ് നിലവില്‍ റെഡ് അലേർട്ടുള്ളത്. മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് ഭരണാധികാരികൾ അഭ്യർഥിച്ചിരുന്നു. ദുബായിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. തദ്ദേശവാസികൾ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ പറഞ്ഞു. ദുബായിൽ ബുധനാഴ്ചയും സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലായിരിക്കും. മോശം കാലാവസ്ഥയെ തുടർന്ന് യുഎഇ പ്രൊ ലീ​​ഗ് ഫുട്ബോളിലെ മത്സരങ്ങൾ റദ്ദാക്കിയിരുന്നു.

അതേസമയം ഒമാനില്‍ ശക്തമായ മഴ തുടരുകയാണ്. വിദ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കും. ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും സ്‌കുളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.

കഴിഞ്ഞ ദിവസം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നിരുന്നു. ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പടെ നാല് പേരുടെ മൃതദേഹങ്ങളായിരുന്നു ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നോര്‍ത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് കനത്ത മഴയും കൊടുങ്കാറ്റും കാര്യമായ തടസങ്ങള്‍ സൃഷ്ടിച്ചിരുന്നു.

error: Content is protected !!