സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; കട്ടപ്പന ഇരട്ടക്കൊലക്കേസ് മുഖ്യപ്രതിക്കെതിരെ ഒരു കേസ് കൂടി

കട്ടപ്പന ഇരട്ടക്കൊലപാതകക്കേസ് പ്രതി നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടിയെടുത്ത് പൊലീസ്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതെന്ന കേസാണ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. വിവാഹദോഷം മാറാനെന്ന പേരിൽ പ്രതീകാത്മക കല്യാണം കഴിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. നിതീഷിനെതിരെ സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ കേസെടുത്തിരുന്നു.

കക്കാട്ടുകടയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജയൻ എന്നയാളെയും ഇദ്ദേഹത്തിന്‍റെ മകളുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് നിതീഷ് പിടിയിലായത്. മരിച്ച വിജയന്റെ മകളുമായി വിവാഹത്തിന് മുൻപ് നീതിഷിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തിൽ ജനിച്ച കുഞ്ഞിനെ നാണക്കേട് ഭയന്ന് ജനിച്ച് അഞ്ചാം ദിവസം കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊല്ലുന്നതിന് വിജയനും കൂട്ട് നിന്നിരുന്നു. കുഞ്ഞിനെ വീടിനടുത്ത് തൊഴുത്തിൽ കുഴിച്ചു മൂടി എന്നാണ് നിതീഷ് പൊലീസിന് ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ ഇയാൾ പിന്നീടുള്ള ചോദ്യം ചെയ്യലിൽ മൊഴി മാറ്റിയിരുന്നു. 2016 ലാണ് ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിട്ടില്ല.

കഴിഞ്ഞ ഓഗസ്റ്റിൽ വാക്കു തർക്കത്തെ തുടർന്നാണ് വിജയനെ നിതീഷ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊല്ലുന്നത്. മൃതദേഹം വീടിനുള്ളില്‍ മറവ് ചെയ്യാൻ വിജയന്‍റെ ഭാര്യ സുമവും മകൻ വിഷ്ണുവും കൂട്ടു നിന്നെന്നാണ് പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട വിജയന്റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകക്കേസിന്റെ അന്വേഷണത്തിന് വഴി ഒരുങ്ങിയത്.

വിഷ്ണു അറസ്റ്റിൽ ആയ ദിവസം പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്. ‌ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്ഐ‌ എൻ ജെ സുനേഖും സീനിയർ സിവിൽ പൊലീസ് ഓഫിസറും മഫ്തിയിൽ കക്കാട്ടുകടയിലെ വിഷ്ണുവിന്റെ വാടക വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിന്നീട് നിതീഷിനെ പിടികൂടി, വീടിനുള്ളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരിൽ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലിൽ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.

error: Content is protected !!