കടല്‍ഭിത്തി നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി

ജില്ലയിലെ കടല്‍ഭിത്തി നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ അനാവശ്യമായി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണം. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇതിനായി വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മാടായി മാട്ടൂല്‍ കടല്‍ഭിത്തി നിര്‍മ്മാണം മന്ദഗതിയിലാണെന്ന എം വിജിന്‍ എം എല്‍ എയുടെ നിര്‍ദേശം പരിഗണിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മാടായിലെ കടല്‍ഭിത്തി നിര്‍മ്മാണം വിലയിരുത്താന്‍ കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നതായും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായും തലശ്ശേരി ഇറിഗേഷന്‍ സബ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മാഹി പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തിക്കായി അധികനിരക്കില്‍ 23.37 ലക്ഷം രൂപക്ക് കരാര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി അംഗീകരിക്കുന്ന മുറക്ക് എഗ്രിമെന്റ് വെച്ച് പ്രവൃത്തി തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കാര്‍ഷികാവശ്യത്തിന് നേരത്തെ സൗജന്യമായി വൈദ്യുതി ലഭിച്ചിരുന്ന കര്‍ഷകരോട് ഇപ്പോള്‍ ബില്ല് അടക്കാന്‍ ആവശ്യപ്പെട്ട വിഷയം കൃഷി വകുപ്പ് ബില്ല് അടച്ച് പരിഹരിച്ചു. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയില്‍ 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ആകെ ലഭിച്ച 35.96 ലക്ഷം രൂപയില്‍ നിന്ന് 26.94 ലക്ഷം കെ എസ് ഇ ബിക്ക് കൈമാറിയിട്ടുണ്ടെന്നും 7.21 ലക്ഷത്തിന്റെ ബില്ല് ട്രഷറിയില്‍ സമര്‍പ്പിച്ചിണ്ടെന്നും കൃഷി വകുപ്പ് അറിയിച്ചു. ഇതോടെ 34.15 ലക്ഷം രൂപയാണ് കെഎസ്ഇബിയിലേക്ക് നല്‍കിയത്.

തടസങ്ങള്‍ പരിഹരിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വ്വീസ് ഉടന്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു. നിരക്ക് ഉള്‍പ്പടെയുള്ള കാര്യത്തില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍ യോഗങ്ങളില്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കി. കേളകം, ഇരിട്ടി പ്രദേശങ്ങളില്‍ ജനങ്ങളുടെ ജീവന് ഭീഷണിയായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ പ്രദേശത്ത് ആര്‍ആര്‍ടി യൂണിറ്റ്, വിവിധ സെക്ഷനുകളിലെ ജീവനക്കാര്‍ എന്നിവരെ ഉപയോഗിച്ച് രാത്രികാല പട്രോളിങ്ങ് ആരംഭിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ഡി എഫ് ഒ പറഞ്ഞു. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വന്യജീവി ശല്യം തടയാന്‍ ജില്ലാ മിനറല്‍ ഫൗണ്ടേഷന്‍ ഫണ്ട് ഉപയോഗിച്ച് 10 കിലോമീറ്റര്‍ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ്ങ് നിര്‍മ്മിക്കാന്‍ 80 ലക്ഷം രൂപയുടെ പ്രപ്പോസല്‍ സമര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.

കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം 100 വര്‍ഷത്തേക്ക് ലീസിന് ലഭിക്കാന്‍ കൂത്തുപറമ്പ് നഗരസഭ തലശ്ശേരി താലൂക്കില്‍ നല്‍കിയ അപേക്ഷയില്‍ നടപടി വേഗത്തിലാക്കാന്‍ തലശ്ശേരി തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കി. ഈ വിഷയം കെ പി മോഹനന്‍ എം എല്‍ എ യോഗത്തില്‍ ഉന്നയിച്ചിരുന്നു.

കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍ എം എല്‍ എ, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!