വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈന്‍ ഫിഷറീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. മറൈന്‍ ഡാറ്റാ കലക്ഷന്‍ ആന്റ് ജുവനൈല്‍ ഫിഷിംഗ് സര്‍വ്വേ, ഇന്‍ലാന്റ് ഡാറ്റാ കലക്ഷന്‍ ആന്റ് ഫിഷിംഗ് സര്‍വ്വേ എന്നിവയില്‍ ഓരോ ഒഴിവുകളാണുള്ളത്. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 21-36 വയസ്സിന് ഇടയില്‍ പ്രായവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10 മണി മുതല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2731081.

സൗജന്യ ശില്പശാല

അസാപ് കേരളയും മാവെന്‍ സിലിക്കണ്‍ കമ്പനിയും ചേര്‍ന്ന് ഇലക്ട്രോണിക്‌സ്-ഇലക്ട്രിക്കല്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കായി വിഎല്‍എസ്‌ഐ- എസ്ഒസി ഡിസൈനില്‍ സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 മുതല്‍ 26 വരെ ഓണ്‍ലൈനായി നടക്കുന്ന ശില്പശാലയില്‍ ആധുനിക ഇലക്ട്രോണിക്‌സ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന വെരിലോഗ് എന്ന ഹാര്‍ഡ് വെയര്‍ ഡിസ്‌ക്രിപ്ഷന്‍ ലാംഗ്വേജിനെ കുറിച്ച് പഠിക്കാന്‍ അവസരം ലഭിക്കും. അസാപ് കേരളയുടെ സ്മാര്‍ട്ട് ലേണ്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ശില്പശാല. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 22ന് മുമ്പായി https://connect.asapkerala.gov.in/events/10985 വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 2000 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ശില്പശാലയില്‍ പങ്കെടുത്ത് ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് കേരളയും മാവെന്‍ സിലിക്കണും സംയുക്തമായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 7893643355,
ഇ മെയില്‍: outreach@asapkerala.gov.in

എം ബി എ അഭിമുഖം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം ബി എ 2024 – 26 ബാച്ചിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 24ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ തലശ്ശേരി ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും, മണ്ണയാടിലുള്ള സഹകരണ പരിശീലന കോളേജിലുമാണ് അഭിമുഖം നടക്കുക. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ മാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9496366741, 7907375755, 8547618290. വെബ്‌സൈറ്റ്: www.kicma.ac.in.

ബഡ്ജറ്റ് ടൂറിസം യാത്ര

കണ്ണൂര്‍ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ച് മാര്‍ച്ചില്‍ വിവിധ യാത്രകള്‍ സംഘടിപ്പിക്കുന്നു. ഗവി, വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്ക്  മാര്‍ച്ച് ഏഴ്, 28 തീയതികളില്‍ യാത്ര ഒരുക്കിയിട്ടുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗില്‍ സഫാരി യാത്ര മാര്‍ച്ച് ഒമ്പതിന് രാവിലെ 5.45ന് പുറപ്പെടും. ഫോണ്‍: 9496131288, 8089463675.

68 വര്‍ഷത്തിന് ശേഷം പട്ടയം: 20 കുടുംബങ്ങള്‍ക്ക് സ്വപ്നസാഫല്യം

ചെറുതാഴം പഞ്ചായത്തിലെ 20 കുടുംബങ്ങളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. നീണ്ട 68 വര്‍ഷത്തിന് ശേഷം സ്വന്തം ഭൂമിയുടെ പട്ടയം ഇവരുടെ കയ്യിലെത്തുകയാണ്. പഞ്ചായത്തിലെ ആറാം വാര്‍ഡ് വിളയാങ്കോട് ലക്ഷം വീട് കോളനിയിലെ സ്ഥിരതാമസക്കാരായ 20 കുടുംബങ്ങള്‍ക്കാണ് റവന്യു വകുപ്പ് പട്ടയമനുവദിച്ചത്. ഫെബ്രുവരി 23ന് രാവിലെ 9.30ന് വിളയാങ്കോട് ലക്ഷംവീട് കോളനി പരിസരത്ത് എം വിജിന്‍ എം എല്‍ എ പട്ടയ വിതരണം നടത്തും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷത വഹിക്കും.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇവര്‍ക്ക് പട്ടയമനുവദിച്ചത്. വര്‍ഷങ്ങളായി പഞ്ചായത്തിലെ വിളയാങ്കോട് ലക്ഷം വീട് കോളനിയില്‍ വീട് വെച്ച് താമസിക്കുന്നവരായിരുന്നു ഈ കുടുംബങ്ങള്‍. എന്നാല്‍ ഇവര്‍ താമസിക്കുന്ന ഭൂമിയുടെ കൈവശരേഖ ഉണ്ടായിരുന്നില്ല. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് ഓരോ കുടുംബത്തിനും വീട് വെക്കുന്നതിനായി നാല് സെന്റ് വീതം നല്‍കി. ഈ ഭൂമിയുടെ പട്ടയ വിതരണമാണ് നടക്കുന്നത്. നേരത്തെ ഇത് സംബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരന്തരമായ സമരങ്ങള്‍ നടന്നിരുന്നുവെങ്കിലും നിയമതടസങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് പട്ടയം അനുവദിക്കാന്‍ സാധിക്കാതിരുന്നത്. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

പ്രതിമാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

ക്ഷേത്ര ആചാര സ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും  ആചാര സ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികര്‍, അന്തിത്തിരിയന്‍, അച്ഛന്‍ (ക്ഷേത്ര ശ്രീകോവിലിനകത്തെ കര്‍മ്മം ചെയ്യുന്ന വിഭാഗം മാത്രം) കോമരം, വെളിച്ചപ്പാട്, കര്‍മ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോലധാരികള്‍ക്ക് 50 വയസ് പൂര്‍ത്തിയാകണം.  അപേക്ഷിക്കുന്ന സ്ഥാനികര്‍ ക്ഷേത്രം തന്ത്രി/ ആചാരപ്പേര് വിളിക്കുന്നവര്‍ എന്നിവരില്‍ ആരെങ്കിലും ഒരാളുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോലധാരികള്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.  ധനസഹായത്തിന് അര്‍ഹമായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുള്ള മൂന്ന് പകര്‍പ്പുകള്‍ മാര്‍ച്ച് 13നകം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ബോര്‍ഡിന്റെ കാസര്‍കോട്, തലശ്ശേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ഡിവിഷന്‍ അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കും. വെബ്സൈറ്റ്: www.malabardevaswom.kerala.gov.in.

ക്യാമ്പ് ഫോളോവര്‍ നിയമനം

മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍ വിഭാഗങ്ങളില്‍ ജീവനക്കാരെ നിയമിക്കുന്നു. മുന്‍പരിചയമുള്ളവര്‍ ഫെബ്രുവരി 23ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം എത്തണം. ഫോണ്‍: 0497 2781316.

ഇ ടെണ്ടര്‍

ജില്ലാ ആശുപത്രിയിലേക്ക്  മാര്‍ച്ച് ഒന്നു മുതല്‍ 2025 ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ ഒ പി ടിക്കറ്റ് സപ്ലൈ ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുന്നതിന് ഇ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് വൈകിട്ട് മൂന്ന് മണി വരെ www.etenders.kerala.gov.in മുഖേന ടെണ്ടര്‍ സമര്‍പ്പിക്കാം.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വകുപ്പിലെ ജിയോടെക്നിക്കല്‍ ലാബിലെ പ്രോവിങ് റിങ് കാലിബറേഷന്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തളിപ്പറമ്പ് താലൂക്കിലെ കടമ്പേരി ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം   മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്‌സൈറ്റായ www.malabardevaswom.kerala.gov.in ലും നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് ഏഴിന് വൈകീട്ട് അഞ്ച് മണിക്കകം കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റനന്‍സില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  എഞ്ചിനീയറിങ് ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ കൂടാതെ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, അംഗീകൃത എഞ്ചിനീയറിങ് എന്നിവയില്‍ ബിരുദം
യോഗ്യതയുള്ള ഒ ബി സി പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് തോട്ടടയിലുള്ള കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഹാജരാകണം.  ഫോണ്‍: 0497 2835987, 9496360743.

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ വില്‍പന ഫെബ്രുവരി 27ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരൂള്‍, ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

error: Content is protected !!