പൊന്ന്യത്തങ്കത്തിന് തുടക്കം: നഷ്ടപെട്ട കലാരൂപങ്ങളെ സംരക്ഷിക്കാൻ ഫോക് ലോർ അക്കാദമിക്ക് കഴിയണം; മന്ത്രി ഗണേഷ് കുമാർ

കേരളത്തിലെ നഷ്ടപ്പെട്ട കലാരൂപങ്ങളെ സംരക്ഷിക്കാനും തിരിച്ച് കൊണ്ടുവരാനും കേരളാ ഫോക് ലോർ അക്കാദമിക്ക് സാധിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. സാംസ്കാരിക വകുപ്പ് , കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമപഞ്ചായത്ത്, പുല്ല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ പൊന്ന്യം ഏഴരക്കണ്ടത്തിൽ സംഘടിപ്പിച്ച പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളിയുടെ മനസിൻ്റെ ഭാഗമാണ് വടക്കൻപാട്ടിലെ കഥാപാത്രങ്ങൾ. എല്ലാ ആയോധനകലകളുടേയും മാതാവാണ് കളരി. കേരള സംസ്കാരത്തിൻ്റെ ഭാഗമാണത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് പൊന്ന്യത്തങ്കം. ഫോക് ലോർ അക്കാദമിക്ക് സാധ്യതകളേറെയാണുള്ളത്. വിദേശ വിനോദ സഞ്ചാരികൾക്ക് കേരളീയ സംസ്കാരം പരിചയപ്പെടുത്താൻ അക്കാദമിക്ക് കഴിയണം. മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായി. സമീപഭാവിയിൽ കളരിമ്യൂസിയവും കളരി അക്കാദമിയും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊന്ന്യത്തങ്കം വർഷം കഴിയുംതോറും ജനകീയമാവുകയാണെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. വ്യവസായ പ്രമുഖൻ.ഗോകുലം ഗോപാലനെ മന്ത്രി ഗണേഷ് കുമാർ ആദരിച്ചു. കളരിത്തറയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, സെക്രട്ടറി എവി അജയകുമാർ സംഘാടക സമിതി ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ എന്നിവർ തിരി തെളിയിച്ചു.

പുതുപ്പണം കെ പി സി ജി എം കളരിസംഘത്തിൻ്റെ കളരി പ്രദർശനം അരങ്ങേറി. അക്കാദമി സെക്രട്ടറി എവി അജയകുമാർ പദ്ധതി വിശദീകരണം നടത്തി. ഗോകുലം ഗോപാലൻ , റബ്കോെ ചെയർമാൻ കാരായി രാജൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ, ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, വാർഡംഗം കെ പി ലജിഷ , പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഭാസ്കരൻ കൂരാറത്ത്, എം പി അരവിന്ദാക്ഷൻ നോർക്ക വൈസ് ചെയർമാൻ ഒവി മുസ്തഫ, ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി വി ലവ്‌ ലിൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബാനി ഹിൽസ് ജോർജിയൻ ബാൻ്റിൻ്റെ സംഗീത നിശ അരങ്ങേറി.

error: Content is protected !!