സഹായം ലഭ്യമാക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി അനാമിക; പരിഗണിക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ വികസന പദ്ധതികളിലും തൊഴില്‍ പരിശീലന പദ്ധതികളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം സദസ്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അനാമികയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഇതിന്റെ ഭാഗമായി പദ്ധതി മാനദണ്ഡങ്ങളില്‍ പ്രത്യേക ഇളവ് നല്‍കി അനാമികക്ക് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്.

തന്റെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു തുണ്ട് ഭൂമി എന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രത്യേക ഇടപെടലിലൂടെ ഭൂമി അനുവദിച്ചു കിട്ടി. അനുഭവം പറഞ്ഞാണ് എസ് സി വിഭാഗത്തിലെ ട്രാന്‍സ്‌ജെഡര്‍ പ്രതിനിധി അനാമിക മുഖാമുഖം സദസ്സിനെ അഭിസംബോധന ചെയ്തത്. മന്ത്രിക്കും സര്‍ക്കാരിനുമുള്ള പ്രത്യേക നന്ദിയും അവര്‍ അറിയിച്ചു. ഈ വിഷയത്തില്‍ പരിഗണന ലഭിച്ചത് പോലെ സര്‍ക്കാരിന്റെ മറ്റു വികസന പദ്ധതികളിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പ്രത്യേകമായി പരിഗണിക്കണമെന്നും തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അനാമിക ആവശ്യപ്പെട്ടു.
2020ലായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ അനാമിക ഭൂമിക്കായി അപേക്ഷിച്ചത്. വിവാഹം കഴിഞ്ഞ് കുടുംബമായി താമസിക്കുന്നവര്‍ക്ക് മാത്രമേ ഭൂമി അനുവദിക്കുകയുള്ളൂ എന്ന മാനദണ്ഡം ഉണ്ടായിരുന്നതിനാല്‍ അപേക്ഷ തഴയപ്പെട്ടു. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ പ്രത്യേക ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണനെ നേരിട്ട് സമീപിച്ചതിന്റെ ഫലമായി അനാമികയ്ക്ക് ഭൂമി അനുവദിച്ച് കൊണ്ടുള്ള രേഖ കൈമാറുകയായിരുന്നു.
പട്ടിക വിഭാഗത്തിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി കായികരംഗത്തും സര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ വേണമെന്ന ആവശ്യവും അനാമിക ഉന്നയിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഈ രംഗത്ത് മിന്നിത്തിളങ്ങാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ഈ ആവശ്യവുമായി മുഖാമുഖം സദസ്സില്‍ മന്ത്രിയെ സമീപിച്ചപ്പോള്‍ അവിടെയും അനുകൂല മറുപടിയാണ് ലഭിച്ചത്. ഉടന്‍ തന്നെ പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.
ഒളിമ്പിക് ജൂഡോയില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വനിതാ മെഡല്‍, കുറാഷ് മത്സരത്തില്‍ സംസ്ഥാന തല വിജയി, കേരളത്തില്‍ ആയോധനകലയുടെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റഫറി, കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ട്രാന്‍സ്ജന്‍ഡര്‍ ഐഡന്റിറ്റിയില്‍ ആദ്യമായി ബിരുദം നേടിയ വ്യക്തി ഇങ്ങനെ നീളുന്നു അനാമികയുടെ നേട്ടങ്ങള്‍.

error: Content is protected !!