ഇരിക്കൂര്‍ മണ്ഡലത്തില്‍ 65 കിലോമീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രം 65 കിലോമീറ്റര്‍ റോഡ് ബി എം ബി സി നിലവാരത്തില്‍ നിര്‍മിച്ചെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അലക്സ്നഗര്‍-കാഞ്ഞിലേരി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 30 കോടിയിലധികം രൂപയാണ് രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ റോഡുകള്‍ക്കായി മാത്രം മണ്ഡലത്തില്‍ ചെലവഴിച്ചത്. നാടിന് ആവശ്യമായ പദ്ധതികള്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കും. നാടിന്റെ എല്ലാ മേഖലകളിലേക്കും വികസനമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 111.600 മീറ്റര്‍ നീളത്തില്‍ അഞ്ച് സ്പാനുകളില്‍ 10.10 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. ഒന്നര മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായുള്ള നടപ്പാതയടക്കം പാലത്തിന്റെ ആകെ വീതി 11.5 മീറ്ററാണ്.
വര്‍ഷങ്ങളായി തൂക്കുപാലത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് 2017ല്‍ പാലം നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ കരാറുകാരന്‍ സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാര്‍ റദ്ദ് ചെയ്തു. പിന്നീട് പുതുക്കിയ ഡിസൈനും പ്ലാനും അനുസരിച്ച് ഉയരം കൂട്ടി നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്.

അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജോണ്‍ ബ്രിട്ടാസ് എം പി, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി എന്നിവര്‍ മുഖ്യാതിഥികളായി. പാലത്തിനായി 40 സെന്റ് നല്‍കിയ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ശ്രീകണ്ഠാപുരം നഗരസഭാ അധ്യക്ഷ ഡോ. കെ വി ഫിലോമിന, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബര്‍ട്ട് ജോര്‍ജ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു, കൗണ്‍സിലര്‍മാരായ ആലീസ് ജെയിംസ്, വി സി രവീന്ദ്രന്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ കെ എം ഹരീഷ്, അസി. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ജി എസ് ജ്യോതി, മത, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!