വികസനത്തില്‍ കേരളീയര്‍ക്ക് വിശാല കാഴ്ച്ചപ്പാട്: മന്ത്രി പി എ മുഹമ്മദ് റിയാസ്

വികസന കാര്യത്തില്‍ കേരളീയര്‍ക്ക് വിശാല കാഴ്ച്ചപ്പാടാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ്  മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരിച്ച പുലിക്കുരുമ്പ-പുറഞ്ഞാണ്‍ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുലിക്കുരുമ്പയിലെ റോഡ് വികസനത്തിന് ജനങ്ങള്‍ സൗജന്യമായാണ് സ്ഥലം വിട്ടു നല്‍കിയത്. നന്മയുള്ളവര്‍ ഒത്തിരിയുണ്ടെന്നതിന് തെളിവാണിത്. വികസന കാര്യത്തില്‍ സര്‍ക്കാരിന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ല. അര്‍ഹിക്കുന്ന പരിഗണന എല്ലാ പ്രദേശത്തിനും നല്‍കി സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം മേഖല വികസന പാതയിലാണ്. കണ്ണൂര്‍ ജില്ലയിലും അതിന്റെ മാറ്റങ്ങള്‍ കാണാനാകും. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ പാലക്കയം തട്ടിനെയും പൈതല്‍മലയെയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായതെല്ലാം ടൂറിസം വകുപ്പ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.41 കോടി രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്.
നിലവിലെ എട്ട് മീറ്റര്‍ റോഡ് സ്വകാര്യ വ്യക്തികളില്‍ നിന്നും സൗജന്യമായി സ്ഥലം ഏറ്റെടുത്ത് 12 മീറ്ററാക്കി. തുടര്‍ന്ന് ഏഴ് മീറ്റര്‍ വീതിയില്‍ ബി എം ആന്റ് ബി സി  രീതിയില്‍ ഉപരിതലം ഒരുക്കി. കയറ്റിറക്കങ്ങള്‍ ക്രമീകരിച്ച് എട്ട് കലുങ്കുകള്‍, 1100 മീറ്റര്‍ കോണ്‍ക്രീറ്റ് ഓവുചാല്‍, കരിങ്കല്‍ ഭിത്തികള്‍, റിഫ്‌ളക്ടര്‍, സൂചന ബോര്‍ഡുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ബാധ്യത കാലയളവും നാല് വര്‍ഷത്തെ പരിപാലനവും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുലിക്കുരുമ്പ ടൗണില്‍ നടന്ന പരിപാടിയില്‍ അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജോണ്‍ ബ്രിട്ടാസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ മുഖ്യാതിഥികളായി. പി ഡബ്യൂ ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, നടുവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി ഓടംമ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തില്‍, സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് ആലിക്കുഴിയില്‍, വാര്‍ഡ് അംഗങ്ങളായ പി പി റെജിമോന്‍, ഷിജി കൊല്ലിയില്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ യു പി ജയശ്രീ, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പ്രവീണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

error: Content is protected !!