‘കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും’; ‘ഭ്രമയുഗ’ത്തിനെതിരെ പുഞ്ചമൺ ഇല്ലം

ഭ്രമയുഗം സിനിമയുടെ സെൻട്രൽ ബോർഡ് ഫിലിം സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന് ഹർജി. ഹൈക്കോടതിയെ സമീപിച്ചത് പുഞ്ചമൺ ഇല്ലത്തെ പി എം ഗോപിയാണ്. തങ്ങളുടെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്റെ പേരും ഉപയോഗിച്ചത്. ദുർമന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസായാൽ കുടുംബത്തിന്റെ സൽപ്പേരിനെ ബാധിക്കും.

ഹർജി ജസ്റ്റിസ് രാമചന്ദ്രൻ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലക്കാരാണ് ഭ്രമയുഗത്തിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കുഞ്ചമൺ ഇല്ലക്കാരുടെ ഹര്‍ജിയില്‍ കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടിസ് അയച്ചതായാണ് വിവരം.

ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമൺ പോറ്റി അഥവാ പുഞ്ചമൺ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോട്ടയത്തെ കുഞ്ചമൺ ഇല്ലക്കാര് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കുഞ്ചമൺ ഇല്ലത്തെക്കുറിച്ച് പറയുന്നുണ്ടെന്നും തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തയ്യാറായിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭ്രമയുഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബപ്പേരും പരാമര്‍ശങ്ങളും നീക്കം ചെയ്യണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!