‘അന്നം തരുന്നവരെ ജയിലിൽ ഇടുന്നത് തെറ്റ്’; ‘ഡൽഹി ചലോ’ മാർച്ചിനെ പിന്തുണച്ച് കെജ്‌രിവാൾ

കർഷകരുടെ ദില്ലി ചലോ മാർച്ചിന് പിന്തുണയുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. അന്നദാതാക്കളെ ജയിലിൽ അടയ്ക്കുന്നത് തെറ്റാണെന്ന് അദ്ദേഹംപറഞ്ഞു. ഡൽഹി ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യവും ഡല്‍ഹി സര്‍ക്കാര്‍ തള്ളി. അതേസമയം, കർഷകരുടെ മാർച്ചിനിടെ പഞ്ചാബ് ഹരിയാന അതിർത്തിയിൽ സംഘർഷമുണ്ടായി. കർഷകർക്കുനേരെ ടിയർ ഗ്യാസ് പ്രയോഗിച്ചു. എന്നാൽ കർഷകരുമായി എപ്പോഴും ചർച്ചക്ക് തയ്യാറെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

കർഷകരുടെ ആവശ്യങ്ങൾ പരിശോധിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു. ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും. പ്രശ്ന പരിഹാരത്തിന് സമയം ആവശ്യമാണ്. സമരം സംസ്ഥാന സർക്കാരുകളെ ആശങ്കപ്പെടുത്തുന്നുവെന്നും അർജുൻ മുണ്ട പറഞ്ഞു.

എല്ലാ വിളകൾക്കും മിനിമം താങ്ങുവിലക്ക് നിയമപരമായ ഗ്യാരന്റി ഉറപ്പാക്കുക, സ്വാമിനാഥൻ കമ്മീഷനിലെ നിർദേശങ്ങളായ കാർഷിക പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നടപ്പിലാക്കുക, കർഷകരുടെ സമ്പൂർണ കടം എഴുതിത്തള്ളുക, കർഷകർക്കും തൊഴിലാളികൾക്കും പെൻഷൻ, 2020-21 ലെ പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരായ കേസുകൾ പിൻവലിക്കൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 2023-ൽ ദില്ലി ചലോ പ്രഖ്യാപിച്ചത്.

2020-ൽ കർഷകർക്ക് രാജ്യ തലസ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞു, എന്നാൽ ഇത്തവണ ഭരണകൂടം കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കമ്പിവേലി, സിമൻ്റ് ബാരിക്കേഡ് തുടങ്ങിയവകൊണ്ട് ഡൽഹിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിട്ടുണ്ട്.

error: Content is protected !!