കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം: കേന്ദ്ര നിയമ ഭേദഗതി കേസെടുക്കുന്നതിന് തടസം- ബാലാവകാശ കമ്മീഷന്‍

കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യുണിസെഫും സംയുക്തമായി ‘ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമപ്രവര്‍ത്തനവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേരത്തെ കുട്ടികള്‍ക്കെതിരെ അതിക്രമം നടന്നാല്‍ പൊലീസിന് വേഗത്തില്‍ കേസെടുക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഭേദഗതി വന്നതോടെ എഴ് വര്‍ഷത്തില്‍ കുറവ് തടവ് ലഭിക്കുന്ന കേസുകള്‍ കോടതിയുടെ അനുമതിയോടെ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാകുന്നുള്ളു. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുറച്ച് കാട്ടാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംശയം. ഇതിനെതിരെ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മൗലിക അവകാശങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ബാധകമാണ്. ഭ്രൂണാവസ്ഥയില്‍ തന്നെ കുട്ടിക്ക് നിയമത്തിന്റെ സംരക്ഷണമുണ്ട്. അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം കുട്ടികളുടെ കാര്യത്തില്‍ ലംഘിക്കപ്പെടുന്നുണ്ട്. കുടുംബ കോടതികളില്‍ രക്ഷിതാക്കള്‍ക്ക് പരിഗണന ലഭിക്കുമ്പോള്‍ കുട്ടികളുടെ അഭിപ്രായത്തിന് പലപ്പോഴും പ്രാധാന്യം ലഭിക്കുന്നില്ല. അവര്‍ക്ക് കൗണ്‍സിലിങ്ങും ലഭിക്കുന്നില്ല. പലപ്പോഴും രക്ഷിതാക്കളുടെ താല്‍പ്പര്യമാണ് കുട്ടികളുടെ അഭിപ്രായമായി കോടതിയില്‍ മാറുന്നത്. കുട്ടികളെ ബാധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്ക് അതില്‍ വീഴ്ച സംഭവിക്കുന്നുണ്ട്. ഇരയെ തിരിച്ചറിയാനാകുന്ന വിവരങ്ങള്‍ നല്‍കരുത്. പിതാവ് പ്രതിയാകുന്ന കേസില്‍ പ്രതിയുടെ പേര് വെളിപ്പെടുത്തുന്നത് ഇരയോട് ചെയ്യുന്ന നീതികേടാണ്.
കുട്ടികള്‍ നന്മയുള്ളവരാകാന്‍ ആഹ്ലാദകരമായ അന്തരീക്ഷം വേണം. എന്നാല്‍ മൂന്ന് വയസ് മുതല്‍ തന്നെ ആനയെ മെരുക്കുംപോലെ മെരുക്കാന്‍ ശ്രമിക്കുന്നു. അത്തരത്തില്‍ വളരുന്നവര്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയാലും നല്ല മനുഷ്യരായി മാറണമെന്നില്ല. സ്‌കൂളുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും ചിലയിടത്തെങ്കിലും അതില്‍ വീഴ്ച വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ സ്‌കൈപാലസ് ഹോട്ടലില്‍ നടന്ന ശില്‍പ്പശാലയില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. യുണിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ശ്യാം സുധീര്‍ ബണ്ടി, അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, ജനറല്‍ കൗണ്‍സില്‍ അംഗം പി പി ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന വിഷയത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടന്റ് സുനില്‍ പ്രഭാകര്‍ ക്ലാസെടുത്തു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍, കണ്ണൂര്‍ പ്രസ്‌ക്ലബ് പ്രസിഡണ്ട് സിജി ഉലഹന്നാന്‍, മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം, ക്യാമ്പ് ഡയറക്ടര്‍ എസ് ബിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്യാമ്പ് ഫയറും നടന്നു. 11ന് ബാലനീതി നിയമങ്ങളും മാധ്യമ റിപ്പോര്‍ട്ടിങ്ങും എന്ന വിഷയത്തില്‍ ശ്യാം സുധീര്‍ ബണ്ടി ക്ലാസെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ് അധ്യക്ഷത വഹിക്കും. ജനറല്‍ കൗണ്‍സില്‍ അംഗം സുരേഷ് വെള്ളിമംഗലം, അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധന്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ വിജേഷ് തുടങ്ങിയവര്‍ സംബന്ധിക്കും. ശില്‍പ്പശാലയിലൂടെ ലഭിക്കുന്ന ആശയങ്ങള്‍ ഉള്‍ച്ചേര്‍ത്ത് പ്രത്യേക പ്രസിദ്ധീകരണം തയ്യാറാക്കി അത് പൊതുരേഖയായി പ്രഖ്യാപിക്കാനാണ് അക്കാദമിയുടെ ലക്ഷ്യം.

error: Content is protected !!