ജാതി-മത-രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ജാതി-മത-രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രജിസ്ട്രേഷന്‍-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിക്കായി കൂട്ടായ പ്രവര്‍ത്തനം വേണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ പ്രാമുഖ്യം വളരെ വലുതാണ്. കൂട്ടായ പരിശ്രമമുണ്ടായാല്‍ എല്ലാ പദ്ധതികളും വിജയിപ്പിച്ചെടുക്കാന്‍ കഴിയും. ആരോഗ്യ-വിദ്യാഭ്യാസമടക്കമുള്ള വിവിധ മേഖലകളില്‍ കേരളം മുന്നിലെത്തിയത് കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ സി വിനോദന്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷ കെ മുംതാസ് കരട് പദ്ധതി അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ദാമോദരന്‍, പി വി പ്രേമവല്ലി, എ വി ഷീബ, എ അനിഷ, കെ പി അബ്ദുല്‍മജീദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. എം സി സജീഷ്, സി എം പ്രസീത, സെക്രട്ടറി കെ വി പ്രസീത തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!