വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ദുരന്ത നിവാരണ അതോറിറ്റി യോഗം: ജില്ലയില്‍ വരള്‍ച്ച മുന്നൊരുക്കത്തിന് നിര്‍ദേശം

മണ്‍സൂണ്‍ മഴയില്‍ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച തടയാനുള്ള മുന്നൊരുക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ നിര്‍ദേശം നല്‍കിയത്.
ജലസ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും നടപടി സ്വകീരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുളള പ്രവര്‍ത്തനവും നടത്തും. കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ജലസ്രോതസുകള്‍ മലിനമാകാതിരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ആവശ്യമായ ഇടപെടല്‍ നടത്തണം. ജലസ്രോതസുകള്‍ വൃത്തിയാക്കുന്നതിന് ആവശ്യമെങ്കില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താനും നിര്‍ദേശം നല്‍കി. വാട്ടര്‍ കിയോസ്‌കുകള്‍ എല്ലാം ഉപയോഗക്ഷമമാണെന്ന് ഉറപ്പുവരുത്തും. വരള്‍ച്ചാസാധ്യതയുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ തദ്ദേശസ്ഥാപനങ്ങളോട് യോഗം ആവശ്യപ്പെട്ടു.
ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന മാര്‍ഗരേഖയുടെ കരട് യോഗത്തില്‍ അവതരിപ്പിച്ചു. ഇന്‍ഡോര്‍ പരിപാടികള്‍ സംബന്ധിച്ച് മുന്‍കൂട്ടി അധികൃതര്‍ക്ക് വിവരം നല്‍കുക, തദ്ദേശ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുക, സുരക്ഷക്കായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുക, സി സി ടി വിയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പാക്കുക, ജനത്തിരക്ക് ഒഴിവാക്കുക, അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഇത് വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അംഗീകരിക്കും. അഴീക്കോട്, മുഴപ്പിലങ്ങാട്, പുതിയങ്ങാടി, മാട്ടൂല്‍ തുടങ്ങിയ വില്ലേജുകളിലെ കടല്‍ പുറമ്പോക്കില്‍ പട്ടയം നല്‍കാനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ വി ശ്രുതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരിച്ചു

തളിപ്പറമ്പ് മണ്ഡലത്തില്‍ നടത്തുന്ന ഹാപ്പിനസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം-2024ന്റെ സംഘാടക സമിതി രൂപീകരിച്ചു. എം പിമാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാര്‍, എം വി ഗോവിന്ദന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ റൂറല്‍ എസ് പി എം ഹേമലത, ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, കെ സന്തോഷ്, ഷാജി എന്‍ കരുണ്‍ എന്നിവര്‍ രക്ഷാധികാരികളായും തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ചെയര്‍മാനായും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍, സിനിമ താരങ്ങളായ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, സോഹന്‍ സിനുലാല്‍, സംവിധായകന്‍ പ്രദീപ് ചൊക്ലി എന്നിവരെ വൈസ് ചെയര്‍മാന്മാരായി തെരഞ്ഞെടുത്തു. ഷെറി ഗോവിന്ദ്, ജിത്തു കോളയാട്, മനോജ് കാന എന്നിവരാണ് കണ്‍വീനര്‍മാര്‍. ജനുവരി 21, 22, 23 തീയതികളിലായി തളിപ്പറമ്പിലെ ആലിങ്കീല്‍, ക്ലാസ്സിക് തിയേറ്ററുകളിലാണ് ചലച്ചിത്രോത്സവം നടക്കുക. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ 35 ഓളം സിനിമകളാണ് പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്. മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, ടൂര്‍ ഇന്‍ ടാകീസ് എന്നിവയും നടത്താന്‍ സംഘാടക സമിതി യോഗം തീരുമാനിച്ചു.
കരിമ്പം കില ക്യാമ്പസില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം എം വി ഗോവിന്ദന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, നടന്‍ സോഹന്‍ സിനുലാല്‍, പ്രദീപ് ചൊക്ലി, കെ സന്തോഷ്, സംവിധായകന്‍ ഷെറി ഗോവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വീകരണം നല്‍കും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജനുവരി ഒമ്പതിന് ഉച്ചക്ക് ശേഷം ജില്ലാ അതിര്‍ത്തിയില്‍ നിന്ന് സ്വര്‍ണ്ണക്കപ്പുമായി വരുന്ന സംഘത്തെ സ്വീകരിക്കും. തുറന്ന വാഹനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂര്‍ നഗരത്തില്‍ സമാപിക്കും.

 
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12ന്

എന്‍ എച്ച് എമ്മില്‍ കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ് എന്നിവരെ നിയമിക്കുന്നു.  എം ബി ബി എസ്സും ടി സി എം സി രജിസ്ട്രേഷനുമാണ് മെഡിക്കല്‍ ഓഫീസറുടെ യോഗ്യത. സ്റ്റാഫ് നഴ്‌സിന് ജി എന്‍ എം/ ബി എസ് സി നഴ്സിങും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ ജനുവരി 12ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ എന്‍ എച്ച് എം ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2709920.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജനുവരി 16ന് രാവിലെ 11 മണിക്ക് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

കോളേജില്‍ സ്വസ്ഥവൃത്ത വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജനുവരി 17ന് രാവിലെ 11 മണിക്ക് കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.

അക്കൗണ്ടിങ് കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0460 2205474, 8589815706.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0460 2205474, 2954252, 9072592458.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 11ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ലീഗല്‍ അഡൈ്വസര്‍, എക്സിക്യൂട്ടീവ് അഡൈ്വസര്‍ ഓഫ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, എച്ച് ആര്‍ ഓഫീസര്‍, സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു ഡയറക്ടര്‍, ഇ ആര്‍ പി ഫങ്ഷണല്‍ കണ്‍സല്‍ട്ടന്റ്, സെക്യൂരിറ്റി, സീനിയര്‍ സൈറ്റ് എഞ്ചിനീയര്‍, സീനിയര്‍ അക്കൗണ്ടന്റ്, ഇന്റീരിയര്‍ സൈറ്റ് സൂപ്പര്‍വൈസര്‍, ത്രീഡി വിഷ്വലൈസര്‍, പൈത്തണ്‍ ഡെവലപ്പര്‍, റീയാക്ട് ജെ എസ് ഡെവലപ്പര്‍, ഫ്ളട്ടര്‍ ഡെവലപ്പര്‍, യു ഐ/ യു എക്സ് ഡിസൈനര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

error: Content is protected !!