വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബ്രണ്ണൻ കോളേജിൽ ഹിന്ദി സെമിനാർ

തലശ്ശേരി ബ്രണ്ണൻ കോളേജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നടത്തി. സമകാലീന ഹിന്ദി കവിതയിൽ പുരുഷാധിപത്യത്തിനെതിരായ പ്രതിരോധം എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ചരിത്ര വിഭാഗം മേധാവി പ്രൊഫ. കെ എം ഷീബ ഉദ്ഘാടനം ചെയ്തു. ഡോ.പ്രഭാകരൻ ഹെബ്ബാർ ഇല്ലത്ത് (കാലിക്കറ്റ് സർവകലാശാല ), ഡോ. ശാന്തി നായർ (കാലടി സംസ്‌കൃത സർവകലാശാല) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അല്പന മിശ്ര, കാർത്യായനി, അനിത ഭാരതി, ഡോ. അച്ചുതണ്ട് മിശ്ര എന്നിവർ ക്ലാസെടുത്തു.

തുടര്‍വിദ്യാഭ്യാസ പദ്ധതി സമന്വയ ഉദ്ഘാടനം 11ന്

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ജയില്‍ അന്തേവാസികള്‍ക്കുള്ള തുടര്‍വിദ്യാഭ്യാസ പദ്ധതി സമന്വയ ഡിസംബര്‍ 11ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് സെന്‍ട്രല്‍ ജയിലില്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ. പി വിജയന്‍ അധ്യക്ഷത വഹിക്കും. യോഗ്യതയുള്ളവര്‍ക്ക് സര്‍വകലാശാലയുടെ വിവിധ ബിരുദ, ബിരുദബിരുദാനന്തര കോഴ്‌സുകള്‍ സൗജന്യമായി പഠിക്കാം.

ഗ്രാമീണ റോഡ് പ്രവൃത്തി ഉദ്ഘാടനം 10ന്

പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ നാല് ഗ്രാമീണ റോഡ് പ്രവൃത്തി ഉദ്ഘാടനം ഡിസംബര്‍ 10ന് കെ സുധാകരന്‍ എം പി നിര്‍വഹിക്കും. കൊട്ടിയൂര്‍ സമാന്തര റോഡ് പ്രവൃത്തി ഉദ്ഘാടനം രാവിലെ 11 മണിക്ക് കോലഞ്ചേരിയിലും, കക്കുവ ബ്ലോക്ക് 10, 12- വളയഞ്ചാല്‍-ഓടന്തോട് റോഡ് പ്രവൃത്തി ഉദ്ഘാടനം ഉച്ചക്ക് 12 മണിക്ക് വളയഞ്ചാല്‍ ഗ്രൗണ്ടിലും ഉളിക്കല്‍ -വയത്തൂര്‍-കുന്നത്തൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ഉച്ചക്ക് രണ്ട് മണിക്ക് വയത്തൂര്‍ ക്ഷേത്ര പരിസരത്തും പൊന്നംപറമ്പ്-കുഞ്ഞിപ്പറമ്പ് റോഡ് പ്രവൃത്തി ഉദ്ഘാടനം ഉച്ചക്ക് നാലുമണിക്ക് ചാച്ചമ്മ ജങ്ഷനിലും നടക്കും.

എംപ്ലോയിബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം: തീയതി നീട്ടി

പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഒ ബി സി ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ മത്സര പരീക്ഷാ പരിശീലന കോഴ്‌സുകളായ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ബാങ്കിംഗ് സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യുജിസി, നെറ്റ്, ജെആര്‍എഫ് തുടങ്ങിയവയ്ക്ക് പരീശീലനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്ന ‘എംപ്ലോയിബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയ്ക്ക് ഇ-ഗ്രാന്റ്‌സ് 3.0 വെബ് പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി.  പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in,www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍:  0495  2377786.

വോട്ടര്‍പട്ടിക പുതുക്കല്‍; സ്പെഷ്യല്‍ ക്യാമ്പയിന്‍ തുടങ്ങി

വോട്ടര്‍ പട്ടിക പുതുക്കര്‍ 2024മായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്യാമ്പയിന് തുടക്കമായി. കല്ല്യാശ്ശേരി, കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം മണ്ഡലങ്ങളിലെ താലൂക്ക്  ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലുമാണ് പ്രത്യേക ക്യാമ്പുകള്‍ നടത്തുന്നത്. ഡിസംബര്‍ ഒമ്പതിന് എല്ലാ ബൂത്ത് തലങ്ങളിലും ബി എല്‍ ഒ, ബി എല്‍ എ എന്നിവര്‍ ചേര്‍ന്ന് വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തിന് ആവശ്യമായ നടപടി കൈക്കൊളളും.

ആട് വളർത്തലിൽ പരിശീലനം

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്കായി ഡിസംബർ 14, 15, 16 തീയതികളിൽ കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആട് വളർത്തലിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ഡിസംബർ 13ന് മുമ്പ് 04972 763473 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യുക.

ടെണ്ടർ

കണ്ണൂർ ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലേക്ക് കരാറടിസ്ഥാനത്തിൽ നാലുചക്ര വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 27 ഉച്ച രണ്ട് മണി വരെ. ഫോൺ. 0497 2708125, 2700841. ഇ മെയിൽ: spkannur.keralaptos@gmail.com

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ ഐടിഐയും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഫോൺ: 9447311257.

 
മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ നിയമനം

പട്ടുവം ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ബോയ്സ്) സെക്കണ്ടറി വിഭാഗത്തിലേക്ക് 2023-24 വര്‍ഷത്തേക്ക് മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലെ ഐടിഡിപി ഓഫീസില്‍ ഡിസംബര്‍ 15ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും (പി ജി അഭികാമ്യം) 22 നും 41 നും ഇടയില്‍ പ്രായമുള്ള കണ്ണൂര്‍ ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകുക.

ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണം

കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ തൊഴിലാളി, കുടുംബ-സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കളും 2024 വര്‍ഷത്തെ പെന്‍ഷന്‍ ലഭിക്കുന്നതിനായി ജനുവരി മുതല്‍ ഫെബ്രുവരി മാസത്തിനകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് വെല്‍ഫയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളാല്‍ മസ്റ്ററിങ് ചെയ്യാന്‍ സാധിക്കാത്തവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന മസ്റ്ററിങ് ഫെയില്‍ഡ് സര്‍ട്ടിഫിക്കറ്റും  പൂരിപ്പിച്ച ലൈഫ് സര്‍ട്ടിഫിക്കറ്റും അറുപതു വയസ് പൂര്‍ത്തിയാകാത്ത കുടുംബ പെന്‍ഷന്‍കാര്‍ പുനര്‍വിവാഹിതയല്ലെന്ന സര്‍ട്ടിഫിക്കറ്റും ജനുവരി 10നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0497 2705182.

അപ്രന്റീസ്ഷിപ്പ് മേള 11ന്

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേളയുടെ ഭാഗമായി സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് ഡിസംബര്‍ 11നു തോട്ടട ഗവ. വനിത ഐടിഐയില്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തും. രാവിലെ 10.30ന് ഉത്തരമേഖല വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയരക്ടര്‍ ഓഫ് ട്രെയിനിങ് മിനി മാത്യു ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കരകൗശല അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ദാരു ശില്‍പ്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പ്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുക. ജനുവരി 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700928, 707522, 7736684101.

പ്രതിഭാ പിന്തുണ പദ്ധതി; അപേക്ഷ ക്ഷണിച്ചു

ദേശീയ അന്തര്‍ദേശീയ തലത്തിലെ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പ്രതിഭാ പിന്തുണ  പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ പ്രതിഭ പിന്തുണയില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലേക്ക് കലാ-കായിക മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതിക്കാരായവര്‍ക്ക് അപേക്ഷിക്കാം. 2022-23, 2023-24 വര്‍ഷങ്ങളില്‍ പ്രതിഭ തെളിയിച്ചവരാകണം. അപേക്ഷയോടൊപ്പം അംഗീകാരം/ മികവ്/ പ്രവേശനം ലഭിച്ചത് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാനം, നേറ്റിവിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തി ലഭ്യമാക്കണം. ഡിസംബര്‍ 20വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700596.

കല്ലുമ്മക്കായ കൃഷി; അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനം (പരമാവധി 6,000) രൂപയും, എസ് സി വിഭാഗത്തിന് 75 ശതമാനം (പരമാവധി 11,250) രൂപയും എസ് ടി വിഭാഗത്തിന് 100 ശതമാനം സബ്സിഡിയും അനുവദിക്കും. അപേക്ഷ ഡിസംബര്‍ 20നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സ് കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി 2023 -24 വിവിധ ഘടക പദ്ധതികളായ ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിംഗ് യൂണിറ്റ്, മത്സ്യകുഞ്ഞുങ്ങളുടെ നഴ്സറി/മത്സ്യ പരിപാലന യൂണിറ്റ്, ഓരുജലകുള നിര്‍മ്മാണം, ശുദ്ധജല മത്സ്യക്കൃഷിക്കായുളള പ്രവര്‍ത്തനചെലവ്, ഓരുജല മത്സ്യക്കൃഷിക്കായുളള പ്രവര്‍ത്തനചെലവ്, ഓരുജലകൂട് എന്നിവക്കും ബയോഫ്ളോക്ക് കുളം നിര്‍മ്മാണം  (വനിതകളില്‍ നിന്നും) അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ നിശ്ചിത മാതൃകയിലുളള അപേക്ഷ തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഡിസംബര്‍ 16ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497-2732340.

ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ പ്രോഗ്രാമിന് എസ് എസ് എല്‍ സിയാണ് യോഗ്യത. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്.  https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 8590885174.

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് തടികളുടെ ലേലം ഡിസംബര്‍ 16ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികള്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com  വഴി രജിസ്റ്റര്‍ ചെയ്യണം. കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയിലും രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.

error: Content is protected !!