മന്ത്രി ഓഫീസിന്റെ പേരിലെ നിയമനത്തട്ടിപ്പ്; അഭിഭാഷകന്‍ റഹീസ് അറസ്റ്റില്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ നിയമന കോഴ തട്ടിപ്പ് നടത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണംസംഘം. അഭിഭാഷകന്‍ റഹീസ് ആണ് അറസ്റ്റിലായത്. ഇയാളാണ് വ്യാജ ഇ മെയില്‍ ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

പരാതിക്കാരന്‍ ഹരിദാസന്‍ ഒളിവിലാണെന്നാണ് പൊലീസ് സംശയിക്കുന്നത് . ഇയാളുടെ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹരിദാസന്റെ സുഹൃത്തും മുന്‍ എഐഎസ്എഫ് നേതാ വുമായ ബാസിത്തിനെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.

ഇന്ന് രാവിലെയാണ് മലപ്പുറത്ത് നിന്ന് അഭിഭാഷകന്‍ റഹീസിനെയും ബാസിത്തിനെയും തിരുവനന്തപുരത്തെത്തിച്ച് കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ റഹീസില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് അറസ്റ്റുണ്ടായത്. റഹീസിന്റെ ഫോണില്‍ നിന്നാണ് നിയമനം സംബന്ധിച്ച് പരാതിക്കാരനായ ഹരിദാസിന് വ്യാജ ഇ-മെയില്‍ സന്ദേശം എത്തിയത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് ഇത് കണ്ടെത്തിയത്. പിന്നാലെയാണ് റഹീസിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതും ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റുണ്ടായതും.

പരാതിക്കാരനില്‍ നിന്ന് നേരിട്ട് പണം വാങ്ങിയതിന് തെളിവ് ലഭിക്കാത്തതോടെയാണ് മുന്‍ എഐഎസ്എഫ് നേതാവ് ബാസിത്തിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. ഇയാള്‍ക്ക് തട്ടിപ്പില്‍ ഏതെങ്കിലും തരത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ വീണ്ടും പൊലീസ് വിളിപ്പിക്കും. ബാസിത്തിന് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും പണം വാങ്ങിയത് ലെനിന്‍ രാജും അഖില്‍ സജീവനും ചേര്‍ന്നാണ്. ഇവരെ രണ്ടുപേരെയും പൊലീസ് കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!