ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍

ഡല്‍ഹി പൊലീസ് റെയ്ഡിന് പിന്നാലെ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പൊലീസ് പൂട്ടി സീല്‍ ചെയ്തു. നടപടിയെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണി അപലപിച്ചു.

പണം വാങ്ങി ചൈനയ്ക്കായി വാര്‍ത്ത നല്‍കിയെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആരോപണം. യുഎപിഎ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ റെയ്ഡിനെ കുറിച്ചോ അറസ്റ്റിനെ കുറിച്ചോ ഡല്‍ഹി പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അറസ്റ്റിലായ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിട്ടയിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിന് പുറമേ എന്‍ജിനീയര്‍, ശാസ്ത്രപ്രവര്‍ത്തകര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രബീര്‍ പുര്‍കായസ്ത.

എഴുത്തുകാരിയും ഇന്ത്യന്‍ റൈറ്റേഴ്സ് ഫോറം സഹസ്ഥാപകയുമായ ഗീത ഹരിഹരന്‍, ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് അധ്യക്ഷ ടീസ്ത സെതല്‍വാദ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. സാമൂഹ്യപ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെ കലാപകാരികള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ ഭാഗമായി 2022ല്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. 2023 ജൂലൈയിലാണ് ടീസ്തയ്ക്ക് സുപ്രിംകോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്.

error: Content is protected !!