മദ്യനയ കേസ്: സഞ്ജയ് സിങ്ങിന് രണ്ടുകോടി ലഭിച്ചെന്ന് ED കോടതിയിൽ

ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങ് വ്യവസായിയില്‍ നിന്നും 2 കോടി രൂപ കൈപറ്റിയെന്ന് ഇ ഡി. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്. ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് പണം കൈമാറിയതെന്നും ഇ ഡി കോടതിയെ അറിയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസിലെ നിരവധി പ്രതികളുമായി അടുത്ത ബന്ധം സഞ്ജയ് സിങ്ങിനുണ്ട്. ബിസിനസുകാരന്‍ ദിനേഷ് അറോറയുമായും സഞ്ജയ് സിങ്ങിന് ബന്ധമുണ്ടെന്നും ഇഡി വ്യക്തമാക്കി.

മദ്യനയം രൂപപ്പെടുത്തി സ്വകാര്യ വ്യക്തികള്‍ക്ക് സഹായം ചെയ്തുകൊടുക്കാനായി സഞ്ജയ് സിങ്ങ് ക്രിമിനല്‍ ഗൂഢാലോചനയിലും പങ്കാളിയായെന്നും ഇഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ നിന്നും പ്രതിക്കൂട്ടില്‍ നിര്‍ത്താവുന്ന ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതായും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ദിനേശ് അറോറയുടെ ജോലിക്കാരന്‍ സര്‍വേഷാണ് സഞ്ജയ് സിങ്ങിന് പണം കൈമാറിയതെന്നും ഇത് കുറ്റകൃത്യവുമായി സഞ്ജയ് സിങ്ങിന് നേരിട്ടുള്ള ബന്ധം വ്യക്തമാക്കുന്നതായും ഇഡി റിപ്പോര്‍ട്ടിലുണ്ട്.

ഇഡി ചൂണ്ടിക്കാണിച്ച വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് പ്രതിയെ വിശദമായ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വിടുന്നുവെന്നായിരുന്നു പ്രത്യേക ജഡ്ജി എം കെ നാഗ്പാല്‍ ചൂണ്ടിക്കാണിച്ചത്. ഒക്ടോബര്‍ 10 വരെയാണ് സഞ്ജയ് സിങ്ങിനെ ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എം പി സഞ്ജയ് സിങിനെ ബുധനാഴ്ചയാണ് ഇഡി അറസ്റ്റ് ചെയ്തത്. സഞ്ജയ് സിങിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്.

ഡൽഹി മദ്യനയ അഴിമതി കേസിൽ എംപി സഞ്ജയ് സിം​ഗിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. ബിജെപി ദേശീയ ആസ്ഥാനത്തേക്ക് എഎപി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സഞ്ജയ് സിങ്ങിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ ഡിക്ക് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന ആരോപിച്ചു.

ഇതിനിടെ ഡൽഹി മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടിയെ പ്രതി ചേർക്കാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ ഡി നിയമോപദേശം തേടിയിട്ടുണ്ട്. കേസിൽ എന്തുകൊണ്ട് ബന്ധപ്പെട്ട പാർട്ടിയെ പ്രതി ചേർക്കുന്നില്ലെന്ന് ബുധനാഴ്ച ഡൽഹി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഹർജികൾ പരി​ഗണിക്കവെ സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി നിയമോപദേശം തേടിയത്. കേസിൽ ആം ആദ്മി പാർട്ടിയെ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്ന ചോദ്യത്തിന് സുപ്രീംകോടതി പിന്നീട് വ്യക്തത വരുത്തിയിരുന്നു. ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിയേയും ഉദ്ദേശിച്ചായിരുന്നില്ല. നിയമപരമായ ചോദ്യം മാത്രമാണ് ഉന്നയിച്ചത്. അഴിമതിയിൽ എഎപിക്ക് സാമ്പത്തിക ലാഭം ഉണ്ടായെങ്കിൽ എന്തുകൊണ്ട് പ്രതിചേർത്തില്ലെന്നായിരുന്നു ചോദ്യമെന്നും സുപ്രീംകോടതി വിശദമാക്കിയിരുന്നു.

error: Content is protected !!