‘കുട്ടിക്കൊരു ആട്ടിന്‍ കുട്ടി’ പദ്ധതിയുമായി ചെമ്പിലോട് പഞ്ചായത്ത്

കുട്ടികളെ കാര്‍ഷിക രീതികളെ പറ്റി ബോധവാന്മാരാക്കുന്നതിനും സംരംഭകശീലം വളര്‍ത്തുന്നതിനുമായി ‘കുട്ടിക്കൊരു ആട്ടിന്‍ കുട്ടി’ പദ്ധതിയുമായി ചെമ്പിലോട് ഗ്രാമപഞ്ചായത്ത്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന എല്‍ പി, യു പി വിഭാഗത്തില്‍ പഠിക്കുന്ന നിര്‍ധനരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ആട്ടിന്‍ കുട്ടിയെ നല്‍കുക. ഇങ്ങനെയുള്ള 50 കുട്ടികള്‍ക്ക് സൗജന്യമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആട്ടിന്‍കുട്ടികളെ നല്‍കും. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു പെണ്‍ ആട്ടിന്‍ കുട്ടിയെയാണ് നല്‍കുക. ഈ ആടിന്റെ ആദ്യ പ്രസവത്തിലെ ആട്ടിന്‍കുട്ടിയെ സ്‌കൂളിന് നല്‍കണം ഇതിനെ അര്‍ഹരായ മറ്റ് കുട്ടികള്‍ക്ക് നല്‍കും. ഇതിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ആട്ടിന്‍ കുട്ടികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി വാര്‍ഡ് മെമ്പര്‍മാരും സ്‌കൂള്‍ പ്രധാനാധ്യാപകരും അടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.

കുട്ടികളെ കാര്‍ഷിക രീതികള്‍ പഠിപ്പിക്കാനും സമ്പാദ്യ ശീലമുണ്ടാക്കാനും പ്രാപ്തരാക്കുന്നതോടൊപ്പം പഞ്ചായത്തിനെ ആട് ഗ്രാമമാക്കി  ആട്ടിറച്ചിയുടെ കാര്യത്തിൽ  സ്വയം പര്യാപ്തത നേടുക കൂടിയാണ്  പദ്ധതിയുടെ  ലക്‌ഷ്യം.

error: Content is protected !!