വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡോക്ടർ നിയമനം: വാക് ഇൻ ഇൻറർവ്യു

ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്‌ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ താൽപര്യമുള്ള  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം  രാവിലെ 10 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഹാജരാകണം. ഫോൺ: 0497 2700194.

ഓപ്പൺ സർവകലാശാല: സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 25 വരെ നീട്ടി. പഠിതാക്കൾക്ക് ഓൺലൈൻ ആയി www.sgou. ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. യുജിസി അംഗീകാരമുള്ള 22 യുജി, പിജി പ്രോഗ്രാമുകളാണ് ഓപ്പൺ സർവകലാശാല നടത്തുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധന ഇല്ല. 50 വയസ് കഴിഞ്ഞവർക്കും ഡ്യൂവൽ ഡിഗ്രിക്ക് അപേക്ഷിക്കുന്നവർക്കും ടിസി വേണ്ട. റെഗുലർ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പൺ സർവകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവൽ ഡിഗ്രി) അപേക്ഷിക്കുവാൻ ഇപ്പോൾ  സാധിക്കും. യുജിസി നിർദേശ പ്രകാരമാണ്   സർവകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്.ഫോൺ: 0474 -2966841, 9188909901, 9188909902

ശ്രീകണ്ഠാപുരം നഗരസഭയിൽ മാലിന്യ നിർമാർജനത്തിനായി 5.5 കോടി രൂപയുടെ പദ്ധതി

മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠാപുരം നഗരസഭയിൽ മാലിന്യ നിർമ്മാർജനത്തിനും ശുചിത്വ വത്കരണത്തിനുമായി 5.5 കോടി രൂപയുടെ പദ്ധതി. ജൈവ അജൈവ മാലിന്യം കൃത്യമായി വേർതിരിച്ച് സംസ്‌കരിക്കുകയും ഇതുവഴി നഗരസഭയുടെ പരിധിയിൽ വരുന്ന മുഴുവൻ പ്രദേശങ്ങളും ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരള സംസ്ഥാന വേസ്റ്റ് മാനേജ്മെന്റ് ഫണ്ട്, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാൻഡ്,  സ്വച്ച് ഭാരത് മിഷൻ ഫണ്ട് തുടങ്ങിയ വിവിധ ഫണ്ടുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വീടുകളിലെ ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് 6000 വീടുകളിൽ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്യും. 2.5 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചത്. കൂടാതെ 700 വീടുകളിൽ ജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോ ബിൻ കമ്പോസ്റ്റുകളും ഫ്ളാറ്റുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് നേരിട്ട് വളമാക്കി മാറ്റുന്നതിനുള്ള മെഷീനുകളും സജ്ജികരിക്കും. ബയോഗ്യാസ് നിർമ്മാണത്തിനായി 12.15 ലക്ഷം രൂപയും ഹരിതസേനയ്ക്ക് മാലിന്യശേഖരണത്തിന് ഓട്ടോറിക്ഷ വാങ്ങാൻ 10.5 ലക്ഷം രൂപയുമാണ് അനുവദിക്കുക. മൂന്ന് ഓട്ടോറിക്ഷകൾ ലഭ്യമാക്കും. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ എംസിഎഫിൽ എത്തിക്കുന്നതിന് വേണ്ടിയാണിത്.
ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് പ്രവർത്തനങ്ങൾക്കായി 9.64 ലക്ഷം രൂപയും. മാലിന്യം വലിച്ചെറിയൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും വിനിയോഗിക്കും.  ബസ് സ്റ്റാന്റ്, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശേഖരിക്കുന്നതിന് മിനി ബൂത്തുകൾക്കായി 1.07 ലക്ഷവും രൂപയും പ്ലാസ്റ്റിക്കിന് ബദലായുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും സാനിറ്ററി നാപ്കിൻ നശിപ്പിക്കുന്നതിനുള്ള മെഷീൻ സ്ഥാപിക്കാൻ 6.5 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഡ്രൈനേജ് മാൻ ഹോൾ ക്ലീനിങ് ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനായി സഫായി കർമ്മാചാരി പ്രോജക്ട് നടപ്പിലാക്കും. ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ, ഗ്രീൻ പ്രോട്ടോകോൾ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും തുക വകയിരുത്തി.
ഇവ കൂടാതെ പദ്ധതിയുടെ ഭാഗമായി തുമ്പൂർമൂഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കൽ, ലഗസി മാലിന്യങ്ങൾ നീക്കം ചെയ്യൽ, വ്യക്തിഗത ശൗചാലയം നിർമ്മിക്കുന്നതിനുള്ള സഹായം, ബൊക്കാഷി ബക്കറ്റ് വിതരണം, എം സി എഫിലേക്ക് ഉപകരണങ്ങൾ വാങ്ങൽ, കാവുമ്പായി എം സി എഫിൽ അഗ്നി സുരക്ഷ സംവിധാനമൊരുക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ബിരുദവും, ഡാറ്റാ മാനേജ്മെന്റിൽ മൂന്ന് വർഷം പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ സെപ്റ്റംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യുക. ഫോൺ. 04972700831.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിനു കീഴിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഭാഗം അവധി ദിവസങ്ങളിൽ തുടങ്ങുന്ന ഇലക്ട്രിക്ക് വെഹിക്കിൾ ബാറ്ററി അസംബ്ലിങ് ആന്റ് റിപ്പയറിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ് എസ് എൽ സി/ ഐ ടി ഐ, മോട്ടോർ വെഹിക്കിൾ, ഇലക്ട്രിഷൻ/ കെ ജി സി ഇ, പോളി ഡിപ്ലോമ, ഓട്ടോമൊബൈൽ, മറ്റ് തൊഴിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം. 25 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് ഫീസ് 3000 രൂപ.  അപേക്ഷാ ഫോറം കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിൽ ലഭിക്കും. അവസാന തീയതി സെപ്റ്റംബർ 30ന് വൈകിട്ട് മൂന്ന് മണി. ഫോൺ: 9446680061, 9495241299.

കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ  പരിധിയിൽ വരുന്ന സ്‌കൂളുകളിൽ മെയ് 30, 31 തീയതികളിൽ നടന്ന മാർച്ച് 2023 കെ ടെറ്റ് പരീക്ഷയും മുൻ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷയും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) വിജയിച്ചവരുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധന സെപ്റ്റംബർ നാല് മുതൽ എട്ട് വരെ കണ്ണൂർ ജി വി എച്ച് എസ് എസ് (സ്‌പോർട്‌സ്)ൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെ നടത്തും. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ഹാൾടിക്കറ്റ്, കെ ടെറ്റ് മാർക്ക് ലിസ്റ്റ് എന്നിവയുടെ ഫോട്ടോകോപ്പി പരിശോധനക്ക് ഹാജരാക്കണം. ബി എഡ്/ ഡി എൽ എഡ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷയെഴുതിയവർ കെ ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കുന്ന അവസരത്തിൽ രണ്ടാം വർഷ വിദ്യാർഥിയായിരുന്നുവെന്ന് സ്ഥാപന മേലധികാരി നൽകുന്ന സർട്ടിഫിക്കറ്റും കോഴ്‌സ് വിജയിച്ച സർട്ടിഫിക്കറ്റും പരിശോധന സമയത്ത് ഹാജരാക്കണം. കാറ്റഗറി ഒന്ന്, നാല് പരിശോധന സെപ്റ്റംബർ നാലിനും രണ്ട്, മൂന്ന് പരിശോധന സെപ്റ്റംബർ അഞ്ച്, ഏഴ്, എട്ട് തീയതികളിലുമായാണ് നടക്കുക. ഫോൺ: 0497 2700167.

താലൂക്ക് വികസന സമിതി യോഗം

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സ്‌

ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്തുശാസ്ത്രത്തിൽ നാലുമാസ  ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ   ഒക്ടോബർ മാസത്തിൽ തുടങ്ങുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഐ ടി ഐ സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, കെ ജി സി ഇ, സിവിൽ എഞ്ചിനീയറിങ്, ഐ  ടി ഐ ആർക്കിടെക്ചറൽ അസിസ്റ്റൻസ്ഷിപ്പ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ സിവിൽ ആന്റ് കൺസ്ട്രക്ഷൻ എഞ്ചിനീയറിങ്.
അപേക്ഷ എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട ജില്ല, പിൻ  689533 എന്ന വിലാസത്തിൽ സെപ്റ്റംബർ 15നകം ലഭ്യമാക്കണം.  ഫോൺ: 0468  2319740, 7034249122, 9605046982, 9188089740.  www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റിൽ കൂടി ഓൺലൈനായും അപേക്ഷകൾ  നൽകാം.

താൽപര്യപത്രം ക്ഷണിച്ചു
ശ്രീകണ്ഠപുരം നഗരസഭയിൽ അമൃത് 20ൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മടമ്പം കുടിവെള്ള പദ്ധതിക്കുള്ള ഡി പി ആർ തയ്യാറാക്കി സമർപ്പിക്കാൻ താൽപര്യമുള്ള കൺസൾട്ടന്റുമാരിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദാംശങ്ങൾ നഗരസഭയുടെ നോട്ടീസ് ബോർഡിലും വെബ്‌സൈറ്റിലും ലഭിക്കും. അവസാന തീയതി സെപ്റ്റംബർ 11. ഫോൺ: 0460 2230261, 9188955308.

തലശ്ശേരി മഹിളാമന്ദിരത്തിൽ ഓണാഘോഷം 

തലശ്ശേരി മഹിളാമന്ദിരത്തിൽ ഓണാഘോഷം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ജമുനറാണി ടീച്ചർ ഓണക്കോടി വിതരണം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയർമാനും മഹിളാമന്ദിരം മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ ടി സി അബ്ദുൾ ഖിലാബ് അധ്യക്ഷത വഹിച്ചു. സ്ഥാപന സൂപ്രണ്ട് എം ഷീജ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ വിനയരാജ്, കെ പി സുരാജ്, വാഴയിൽ വാസു, കാന്തലോട്ട് വത്സൻ, വാഴയിൽ ലക്ഷ്മി, പ്രമീള ടീച്ചർ എന്നിവർ പങ്കെടുത്തു. കോ-ഓപ്പറേറ്റീവ് വനിതാ കോളേജ് താമസക്കാർക്കായി ഓണാഘോഷ പരിപാടികൾ നടത്തി.

സീറ്റ് ഒഴിവ്

മങ്കട ഗവ. കോളേജിൽ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് മൂന്ന് മണിക്കകം ഓഫീസിൽ എത്തുക. ബി എ ഇംഗ്ലീഷ് (എസ് ടി, ഒ ബി എക്‌സ്, ഇ ഡബ്ല്യു എസ്), ബി എസ്‌സി മാത്തമാറ്റിക്‌സ് (ഇ ഡബ്ല്യു എസ്, എസ് സി, എസ് ടി, പി ഡബ്ല്യു ഡി), ബി എസ്‌സി സൈക്കോളജി(എസ് ടി), ബി ബി എ (എസ് ടി, പി ഡബ്ല്യു ഡി), ബി കോം (എസ് ടി), ബി എ ഇക്കണോമിക്‌സ് (എസ് ടി, പി ഡബ്ല്യു ഡി), ബി എ ഹിസ്റ്ററി (എസ് ടി) എന്നിങ്ങനെയാണ് സീറ്റ്. ഫോൺ: 0493 3202135.

ലേലം

കണ്ണൂർ ഗവ.ഐ ടി ഐയിലെ ഉപയോഗശൂന്യമായ ഓൺലൈൻ യു പി എസ് ബാറ്ററി സെപ്റ്റംബർ എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് ലേലം ചെയ്യും. ഫോൺ: 0497 2835183.

error: Content is protected !!