നെയ്യാർ മാധ്യമ പുരസ്കാരം ആർ ജെ രമേഷിന്

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റേയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നെയ്യാർമേളയുടെ നെയ്യാർ മാധ്യമ പുരസ്കാരം ആർ.ജെ രമേഷിന് ലഭിച്ചു. റേഡിയോ വിഭാഗത്തിൽ മികച്ച റേഡിയോ ജോക്കിയായാണ് രമേഷ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നെയ്യാർ മേളയോടനുബന്ധിച്ച് സെപ്റ്റംബർ 2 ശനി യാഴ്ച വൈകുന്നേരം 6 മണിയ്ക്ക് മൂന്നാമത് നെയ്യാർ മാധ്യമ അവാർഡുകൾ സമ്മാനിക്കുന്ന അവാർഡ് നൈറ്റിൽ വെച്ചാണ് പുരസ്കാര സമർപ്പണം. മലയാളത്തിലെ ടെലിവിഷൻ, റേഡിയോ, അച്ചടിമാധ്യമരംഗത്തെ മികവുറ്റ വാർത്തകൾക്കും പ്രോഗ്രാമുകൾക്കും എർപ്പെടുത്തിയിട്ടുള്ള അവാർഡാണിത്.പ്രശസ്തി പത്രവും പ്രത്യേകം രൂപകൽപ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. മന്ത്രിമാർ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അവാർഡുകൾ സമ്മാനിക്കും.

പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റിലെ ഇൻഫർമേഷൻ ഓഫീസർ ടി.എസ്. സതികുമാർ ചെയർമാനും, മാധ്യമപ്രവർത്തകരായ സന്തോഷ് രാജശേഖരൻ, എം. സത്യജിത്ത്, ഹരി എസ്. കുറുപ്പ്, പ്രദീപ് മരുതത്തൂർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. 20 22 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള വാർത്തകളും പ്രോഗ്രാമുകളുമാണ് അവാർഡിനായി പരിഗണിച്ചത്.

ആർ.ജെ രമേഷ് കഴിഞ്ഞ 20 വർഷമായി റേഡിയോ രംഗത്ത് പ്രവർത്തിച്ചു വരുന്നു.
2003 ൽ കണ്ണൂർ ആകാശവാണിയിലൂടെ റേഡിയോ രംഗത്ത് പ്രവർത്തനമാരംഭിച്ചു. പ്രഭാതഭേരി, യുവവാണി തുടങ്ങിയ പരിപാടികളിൽ പ്രോഗ്രാം അസിസ്റ്റന്റായും തുടർന്ന് അനൗൺസർ (താത്കാലികം) ആയും പ്രവർത്തിച്ചു

പിന്നീട് യു.എ.ഇ യിലെ റേഡിയോ ഏഷ്യയിൽ പ്രവർത്തിച്ചു. ഓർമ്മകൾ ഓളങ്ങൾ, ലേറ്റ് നൈറ്റ് ക്ലാസിക്സ്, മിഡ് മോണിംഗ് മജ്ലിസ്, ഗാനോപഹാരം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ പ്രവാസികൾക്കിടയിൽ ശ്രദ്ധേയനായി. ദീർഘകാലം പ്രവാസ ലോകത്ത് വാർത്താ അവതാരകനായും തിളങ്ങി.

2006 മുതൽ റേഡിയോ മാംഗോയിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു.
കണ്ണൂർ സൂപ്പർഫാസ്റ്റ്, പുരാനീ പാട്ടുകൾ, ദാസ് ബജെ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ ശ്രദ്ധേയനായി. ഇപ്പോൾ കണ്ണൂരിൽ ജോഷ് ജംഗ്ഷൻ എന്ന പരിപാടി അവതരിപ്പിക്കുന്നു. ഒപ്പം റേഡിയോ മാംഗോയുടെ കേരളത്തിലെ എല്ലാ സ്റ്റേഷനുകൾക്കും വേണ്ടി ‘ജബ് വി മെറ്റ്’എന്ന പരിപാടിയും അവതരിപ്പിക്കുന്നു.

ബന്ധങ്ങൾ ശിഥിലമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സന്ദേശം ജനങ്ങളിൽ എത്തിക്കുന്ന ‘ജബ് വി മെറ്റ്’ എന്ന പരിപാടിക്ക് യുവജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമാണ്.

കണ്ണൂർ ചെറുകുന്ന് സ്വദേശിയായ രമേഷ് പി.ഇ. രാമചന്ദ്രന്റെയും കെ.ഉഷയുടെയും മകനാണ്. മാടായി സി.എ. എസ്. കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മാധ്യമ നിരൂപകയുമായ ഡോ.ജൈനിമോൾ കെ.വി യാണ് ജീവിതപങ്കാളി.. ശിവഗംഗ. ആർ. ജൈനി, ശ്രീനിധി ആർ.ജൈനി എന്നിവർ മക്കളാണ്.

കെ. ആൻസലൻ (നെയ്യാറ്റിൻകര എം.എൽ എ)ഡി.സുദേഷ്കുമാർ (തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, എം.ഷാനവാസ് (നെയ്യാർ മേള ജനറൽ കൺവീനർ), ഗിരിഷ് പരുത്തിമഠം (മീഡിയ കമ്മറ്റി ചെയർമാൻ), രാജ്മോഹൻ (മീഡിയ കമ്മിറ്റി കൺവീനർ),
ബാലചന്ദ്രൻ നായർ (നെയ്യാർമേള കൺവീനർ), പി. പ്രദീപ് നെയ്യാർമേള വൈസ് ചെയർമാൻ) എന്നിവർ ചേർന്നാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

You may have missed

error: Content is protected !!