വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂര്‍ കൈത്തറി മേളയില്‍ തിരക്കേറുന്നു

ഓണമടുക്കാറായതോടെ കണ്ണൂരിലെ കൈത്തറി മേളയിൽ തിരക്കേറുന്നു . ഫാഷനും ഗുണമേന്മയും ഒരുപോലെ ഇഷ്ടപെടുന്നവരാണ് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഒരുക്കിയിട്ടുള്ള ഓണം 2023 കൈത്തറി വസ്ത്രപ്രദര്‍ശന വിപണന മേളയിലെത്തുന്നത്. സംസ്ഥാന കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ ഇതിനോടകം 2.25 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ആഗസ്റ്റ്  ഏഴിന് ആരംഭിച്ച മേള 28 ന് അവസാനിക്കും.

പരമ്പരാഗത രീതിയിലുള്ള തുണിത്തരങ്ങള്‍ക്കൊപ്പം മികച്ച നിലവാരത്തിലും ആധുനിക ഡിസൈനിങ് രീതികള്‍ അവലംബിച്ചും തയ്യാറാക്കിയ സാരികള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, ബെഡ്ഡുകള്‍ തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്.ഓണക്കാലത്തെ സര്‍ക്കാര്‍ റിബേറ്റും ഉപഭോക്താക്കളെ വലിയ തോതില്‍ മേളയിലേക്ക് ആകര്‍ഷിക്കുന്നു. മിൽ തുണിത്തരങ്ങളുടെ  തള്ളിക്കയറ്റത്തിനിടയിലും പരമ്പരാഗത നെയ്ത്തിന്റെ തനിമയൊട്ടും ചോര്‍ന്നു പോവാതെ തയ്യാറാക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് പ്രിയമേറുന്നു എന്നതിന്റെ തെളിവ് കൂടിയാണ് മേളയിൽ അനുഭവപ്പെടുന്ന തിരക്ക് .

ഗുണമേന്മയുള്ളതും ദീര്‍ഘകാലം ഈടു നില്‍ക്കുന്നതുമായ കൈത്തറി വസ്ത്രങ്ങള്‍ തേടി ഇതര ജില്ലകളില്‍ നിന്നും നിരവധി പേരാണ് മേളയിലേക്ക് എത്തുന്നത്. വരും ദിവസങ്ങളില്‍ മികച്ച വില്പന സാധ്യമായി ഏഴു കോടി എന്ന വിപണന ലക്ഷ്യം കൈവരിക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ് പറഞ്ഞു.
ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമായി ഹാന്‍ഡ്വീവ്, ഹാന്‍ഡ് ടെക്‌സ് ഉള്‍പ്പെടെ 45 നെയ്ത്ത് സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ 20% സര്‍ക്കാര്‍ റിബേറ്റില്‍ ലഭിക്കും.
ഓരോ ദിവസവും മേളയില്‍ എത്തുന്ന മൂന്നുപേര്‍ക്ക് നറുക്കെടുപ്പിലൂടെ കൈത്തറി തുണിത്തരങ്ങള്‍ സമ്മാനമായി നല്‍കുന്നുണ്ട്. കൈത്തറി ഉപഭോക്താക്കളുടെ സൗകര്യം മാനിച്ചാണ് റീഫണ്ടബിൾ പാർക്കിങ് ഫീസ് ഈടാക്കുന്നതെന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് സ്റ്റാളിൽ വച്ച് തന്നെ പാർക്കിങ് ഫീസ് തിരികെ നൽകുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

ജില്ലാ വികസന സമിതി യോഗം

ആഗസ്റ്റ് 26 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ വികസന സമിതി യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഓണ സമൃദ്ധി കാര്‍ഷിക ചന്ത ഉദ്ഘാടനം 25ന്

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതി പ്രകാരം നടപ്പാക്കുന്ന ഓണ സമൃദ്ധി 2023 കര്‍ഷക ചന്തയുടെ ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് 25  വെള്ളിയാഴ്ച രാവിലെ 11.30 ന് സിവില്‍ സ്റ്റേഷന്‍ മില്‍മ ബൂത്തിന് സമീപമുള്ള കൃഷി ഭവന്‍ അര്‍ബന്‍ സ്ട്രീറ്റ് മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കും . ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മൊബൈല്‍ ഹോര്‍ട്ടി സ്റ്റോര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓണക്കാലത്ത് കര്‍ഷകരില്‍ നിന്ന് പഴം, പച്ചക്കറി ഉല്‍പന്നങ്ങള്‍ മികച്ച വില നല്‍കി സംഭരിച്ച് മിതമായ നിരക്കില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ 141 കര്‍ഷക ചന്തകളാണ് ജില്ലയില്‍ തുറക്കുന്നത്. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ചന്ത പ്രവര്‍ത്തിക്കുക.

ദേശീയ  നേത്രദാന പക്ഷാചരണം ഉദ്ഘാടനം 25ന്

ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 25ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐഎംഎ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ടി രേഖ അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ എട്ട് വരെയാണ് നേത്രദാന പക്ഷാചരണം നടക്കുക.

സീറ്റ് ഒഴിവ്

പെരിങ്ങോം കോളേജില്‍ ഈ അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ്, ബി എസ് സി മാത്തമാറ്റിക്സ്, ബി കോം കോ-ഓപ്പറേഷന്‍ എന്നീ ബിരുദ കോഴ്സുകളില്‍ എസ് സി/എസ് ടി എന്നിവയില്‍ ഉള്‍പ്പെടെ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കോളേജ് അഡ്മിഷന്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടണം. ഫോണ്‍: 9497295529.

ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സ്

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്ന് വര്‍ഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. താല്‍പര്യമുള്ള പ്ലസ്ടു പാസായ വിദ്യാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം ഉടന്‍ കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9567463159, 0490 2353600, 6282393203, 7293554722.

പ്രവാസി പരാതി പരിഹാര കമ്മിറ്റി; പരാതി സമര്‍പ്പിക്കാം

ജില്ലാ പ്രവാസി പരിഹാര കമ്മിറ്റിയുടെ സെപ്റ്റംബര്‍ മാസം ചേരുന്ന യോഗത്തില്‍ കമ്മിറ്റി മുമ്പാകെ അപേക്ഷ/പരാതികള്‍ സമര്‍പ്പിക്കാം. താല്‍പര്യമുള്ള പ്രവാസികള്‍ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് മണിക്കകം  കണ്‍വീനര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കണ്ണൂര്‍ ജില്ലാ പ്രവാസി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന്‍ അനക്സ്, കണ്ണൂര്‍ 2 എന്ന വിലാസത്തിലോ ddpknr1@gmail.com ലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700081.

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ ബിരുദ പരീക്ഷകള്‍ 26 മുതല്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ ബിരുദ പരീക്ഷകള്‍ ആഗസ്റ്റ് 26 മുതല്‍ വിവിധ ജില്ലകളിലെ 21 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. 2022-ൽ പ്രവേശനം നേടിയ യു ജി  പഠിതാക്കള്‍ യൂണിവേഴ്സിറ്റി പരീക്ഷ പോര്‍ട്ടലില്‍ നിന്നും എക്സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡുകള്‍ മുന്‍കൂട്ടി ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രവും കോഴ്സുകളും രജിസ്റ്റര്‍ ചെയ്തത് തന്നെയാണെന്ന് ഉറപ്പുവരുത്തണം. പഠിതാക്കളുടെ എക്സാമിനേഷന്‍ അഡ്മിറ്റ് കാര്‍ഡും, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡും  (യൂണിവേഴ്സിറ്റി നല്‍കിയിട്ടുള്ള ഐഡന്റിറ്റി കാര്‍ഡ്/ആധാര്‍ കാര്‍ഡ് /വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ്/ പാന്‍ കാര്‍ഡ്/ ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്) പരീക്ഷ ദിവസങ്ങളില്‍ ഹാജരാക്കണം. പരീക്ഷ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9188920013, 9188920014.

തത്സമയ പ്രവേശനം


പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ പട്ടികജാതി/ പട്ടികവര്‍ഗത്തിനായി സംവരണം ചെയ്യപ്പെട്ട തത്സമയ പ്രവേശനം നടക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സി യും സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍: 9447963955.

തടികള്‍ വില്‍പനക്ക്

വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികളുടെ വില്‍പന സെപ്റ്റംബര്‍ ഒന്ന്, 18, 28 തീയതികളില്‍ നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടത്തില്‍ നിന്നും ശേഖരിച്ച വിവിധ ക്ലാസില്‍പെട്ട തേക്ക് തടികളും ഇരൂള്‍, ആഞ്ഞിലി, മരുത്,  കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നിവാക എന്നീ തടികളും വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639469, 8547602859.

ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസി.എഞ്ചിനീയറുടെ കാര്യാലയത്തിന്റെ കീഴില്‍ വരുന്ന കണ്ണൂർ തളാപ്പ് റോഡിൽ എസ് പി സി എ ജങ്ഷൻ സമീപത്തെ ആൽമരം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കാര്യാലയത്തില്‍ ലേലം ചെയ്യും.

എല്‍ ബി എസ് സെന്റര്‍ ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഫ്രാഞ്ചൈസികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക മേഖലയിലെ നൂതന കോഴ്സുകള്‍ വ്യാപിപ്പിക്കാനാണ് ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നത്.  തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുന്നതിന് പ്രാപ്തമായ, നൂതന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ കോഴ്സുകള്‍ക്കാണ് പ്രാമുഖ്യം. ഐ ടികോഴ്‌സുകൾക്ക് പുറമെ  ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, ഏവിയേഷന്‍, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ കോഴ്സുകളുടെ നടത്തിപ്പിനുമായാണ് അപേക്ഷ ക്ഷണിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in  സന്ദര്‍ശിക്കുക. നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ അഞ്ച്. ഫോണ്‍: 0471 2560333, 6238553571.  ഇ മെയില്‍: lbsskillcentre@gmail.com.

കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു

ശ്രീകണ്ഠപുരം നഗരസഭയുടെ നിര്‍ദ്ദിഷ്ട ഗ്യാസ് ക്രിമിറ്റോറിയം പദ്ധതിക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്റുമാരെ ക്ഷണിച്ചു. ആര്‍ എഫ് പിയുടെ വിശദമായ വിവരങ്ങള്‍ നഗരസഭ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍  ആര്‍ എഫ് പിയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ആവശ്യമായ എല്ലാ രേഖകളും സഹിതം സെപ്റ്റംബര്‍ 13ന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറിക്ക് അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0460 2230261, 9188955308, 8606109325.

സീറ്റ് ഒഴിവ്

കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജില്‍ ഒന്നാംവര്‍ഷ ബി എസ് സി ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ സീറ്റ് ഒഴിവ്. സെപ്റ്റംബര്‍ ഒന്നിന് തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ രാവിലെ 11.30നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2746175.



വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലാകൃഷിത്തോട്ടത്തില്‍ ബയോഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബോക്കുകളിലെ സസ്യജന്തുജാലങ്ങളുടെ വിവരശേഖരണം നടത്തുന്നതിന് ബി എസ് സി ബോട്ടണി, സുവോളജി ബിരുദധാരികളെ നിയമിക്കുന്നു. സര്‍വ്വേ പ്രവര്‍ത്തനം, ജീവജാലങ്ങളുടെ ഐഡന്റിഫിക്കേഷന്‍, വര്‍ഗ്ഗീകരണം എന്നീ മേഖലകളിലുളള പരിചയം അഭിലഷണീയം. താല്‍പര്യമുളളവര്‍ സെപ്തംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് കരിമ്പം ജില്ലാകൃഷിത്തോട്ടം ഓഫീസില്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകുക. ഫോണ്‍. 9383472042.

error: Content is protected !!