കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ

2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം., ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. കന്നഡ, ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി. എ. ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം. എ. ഡിവെലപ്മെന്റ് എക്കണോമിക്സ്, എം. കോം.,  അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബി. കോം. അഡീഷണൽ ഓപ്ഷണൽ കോ-ഓപറേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 15.09.2023 (വെള്ളിയാഴ്ച) വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 23.09.2023 ന് വൈകുന്നേരം 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷന്റെയും ഇന്നോവേറ്റ് ആൻഡ് എലിവേറ്റിന്റെയും ഉദ്ഘാടനം 

 

കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷന്റെ സമർപ്പണവും ഇന്നോവേറ്റ് ആൻഡ് എലിവേറ്റിന്റെ  ഉദ്ഘാടനവും  റെഡിഫ് മെയിൽ സ്ഥാപകൻ അജിത്ത് ബാലകൃഷ്ണൻ നിർവഹിക്കും. 2013 മുതൽ കണ്ണൂർ സർവകലാശാല നടപ്പിലാക്കിവരുന്ന സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് ഒരു പുതിയ കാൽവെപ്പ് ആയാണ് കണ്ണൂർ സർവകലാശാലയുടെ ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷൻ ആരംഭിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി സെക്ഷൻ 8 കമ്പനിയായാണ് ഈ കേന്ദ്രം തുടക്കം കുറിക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് 60 ഓളം സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് ഇതിനോടകം തന്നെ കണ്ണൂർ സർവകലാശാല പിന്തുണ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംരംഭകത്വ ഗവേഷണ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സർവകലാശാലാ ആസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ഒരു കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഈ കേന്ദ്രത്തിൽ നൽകിവരുന്നത്. മെൻ്റർഷിപ്പ് സൗകര്യവും, ഓഫീസ് സൗകര്യവും ഉൾപ്പെടെ സംരംഭങ്ങൾക്കും അതുസംബന്ധിച്ച ഗവേഷണങ്ങൾക്കുമായി വ്യത്യസ്ത തരത്തിലുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നൽകാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ അജിത്ത് ബാലകൃഷ്ണൻ  കേന്ദ്രം ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് കൂടുതൽ സംരംഭക സാധ്യതകൾ തുറന്നുകൊടുക്കുകയും അതുവഴി നാടിൻറെ സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുകയുമാണ് ഈ കേന്ദ്രം വഴി സർവകലാശാല പ്രധാനമായും ലക്ഷ്യമിടുന്നത്.

കണ്ണൂർ സർവകലാശാലയുടെ പരിഷ്കരിച്ച പി ജി സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സംബന്ധിച്ച വിവാദത്തിൽ  സർവകലാശാലയുടെ വിശദീകരണക്കുറിപ്പ്

 

ബോർഡ് ഓഫ് സ്റ്റഡീസ് സംബന്ധിച്ച അന്തിമ തീരുമാനം ചാൻസലർ കൂടിയായ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകാത്തതുകൊണ്ട് സർവകലാശാലയുടെ ബിരുദാനന്തര ബിരുദ പദ്ധതികളുടെ സിലബസ് പരിഷ്കരണം വിഷയവിദഗ്ധരടങ്ങിയ അഡ്‌ഹോക്ക് കമ്മറ്റിയാണ് പൂർത്തിയാക്കിയത്. ഇതുസംബന്ധന്ധിച്ച അന്തിമതീരുമാനം അക്കാദമിക്ക് വിദഗ്ധരടങ്ങിയ പ്രസ്തുത സമിതിയുടേത് മാത്രമാണ്.

എം എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്ററിലെ വിദ്യാർത്ഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന നിരവധി ഇലക്ടീവ് പേപ്പറുകളിൽ ഒന്നുമാത്രമാണ് ‘ലൈഫ് റൈറ്റിങ്’. പ്രസ്തുത വിഷയം തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുണ്ടെങ്കിൽ അവരുടെ വായനക്കായി സമിതി നിർദ്ദേശിച്ച അനേകം പുസ്തകങ്ങളിൽ ഒന്നുമാത്രമാണ് മുൻ ആരോഗ്യമന്ത്രിയും പ്രവർത്തന മേഖലയിൽ രാജ്യാന്തര തലത്തിൽ പ്രശസ്തിനേടിയ വ്യക്തിയുമായ കെ കെ ശൈലജയുടെ ആത്മകഥയായ ‘മൈ ലൈഫ് ആസ് എ കോമ്രേയ്ഡ്’ എന്ന പുസ്തകം. മഹാത്മാ ഗാന്ധി, ഡോ.  ബി ആർ അംബേദ്‌കർ, മയിലമ്മ, കല്ലേൻ പൊക്കുടൻ, നളിനി ജമീല, കമല ദാസ്, സി കെ ജാനു, സിസ്റ്റർ ജെസ്മി, താഹ മാടായി, ലിൻഡ ആൻഡേഴ്‌സൺ, ജെ ദേവിക തുടങ്ങിയവരുടെ ജീവിത രേഖകൾ അടങ്ങിയ പുസ്തകങ്ങളും ഇതോടൊപ്പം സമിതി നിർദേശിച്ചിട്ടുണ്ട്.

പുസ്തകങ്ങൾ നിർദേശിക്കുന്നതോടൊപ്പം തന്നെ വടക്കേ മലബാറിന്റെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി രംഗങ്ങളിൽ ഉയർന്നുവന്നിട്ടുള്ള പ്രമുഖരുടെ സംഭാവനകൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനാണ് വിദഗ്ധ സമിതി ഊന്നൽ നൽകിയിട്ടുള്ളത്. പ്രാദേശികമായ ജനജീവിതങ്ങൾ സാമൂഹിക പരിവർത്തനങ്ങളുമായി എങ്ങിനെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നത് ആ പ്രദേശവുമായി ബന്ധപ്പെട്ടു രചിക്കപ്പെടുന്ന പുസ്തകങ്ങളിൽ മാത്രമാണ് പ്രതിഫലിക്കുക. അതുകൊണ്ട് തന്നെയാണ് അത്തരം രചനകൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള സിലബസ്  ഉണ്ടാക്കിയിട്ടുള്ളത്.

error: Content is protected !!