വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 ഉദ്ഘാടനം ഏഴിന്

അഞ്ച് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ എടുക്കാത്തതോ ഭാഗികമായി എടുത്തിട്ടുള്ളതോ ആയവരെ പൂര്‍ണ വാക്‌സിനേഷനിലേക്ക് എത്തിക്കുന്നതിനായി  നടപ്പാക്കുന്ന  മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ഏഴിന് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിക്കും. റൗണ്ട്-1 ആഗസ്റ്റ് ഏഴ് മുതല്‍ 12 വരെ, റൗണ്ട്-2 സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ, റൗണ്ട്-3 ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് യജ്ഞം നടത്തുന്നത്. വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് അവരുടെ പരിധിയിലെ ആരോഗ്യ സ്ഥാപനങ്ങളെ സമീപിച്ച് അടിയന്തരമായി വാക്‌സിന്‍ നല്‍കണം.

നാഷണല്‍ ലോക് അദാലത്ത് സെപ്തംബര്‍ ഒമ്പതിന്

കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള നാഷണല്‍ ലോക് അദാലത്ത് സെപ്തംബര്‍ ഒമ്പതിന് രാവിലെ 10 മണി മുതല്‍ നടക്കും. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയും കോടതികളില്‍ നിലവിലില്ലാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പരിഗണിക്കും. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത്. കൂടാതെ എല്ലാ  മജിസ്ട്രേറ്റ് കോടതികളിലും സ്പെഷ്യല്‍ സിറ്റിങ് ഉണ്ടായിരിക്കും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ടാകും. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അറിയിപ്പ് ലഭിച്ചവര്‍ ആ അറിയിപ്പുമായി കൃത്യസമയത്ത് ജില്ലാ കോടതി പരിസരത്ത് എത്തണമെന്ന് സെക്രട്ടറിയും സബ് ജഡ്ജിയുമായ വിന്‍സി ആന്‍ പീറ്റര്‍ ജോസഫ് അറിയിച്ചു. ഫോണ്‍: 0490 2344666, 2993328.

ഇന്ത്യയെ അറിയുക’പരിപാടിക്ക്  ഏഴിന് തുടക്കം

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക പരിപാടിയുടെ 66-മത് എഡിഷന് ആഗസ്റ്റ് ഏഴിന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ഥികളും ആഗസ്റ്റ് ഏഴ് മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തുക. ആഗസ്റ്റ് ആറിന് വൈകീട്ട് കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം ഏഴ് മുതല്‍  എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള അറുപത് യുവതീ-യുവാക്കളാണ് കേരളത്തിലെത്തുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാര്‍/നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിക്കും.

വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. കൊച്ചി തുറമുഖം, വാട്ടര്‍ മെട്രൊ, മുസിരിസ് പ്രദേശങ്ങള്‍, കലാമണ്ഡലം, കുമരകം പക്ഷി സങ്കേതം തുടങ്ങിയവയും സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിക്കും. ആലപ്പുഴയില്‍ 12ന്  നടക്കുന്ന നെഹ്‌റു ട്രോഫി വളളം കളിക്ക് ശേഷം സംഘം 13ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരികെ ഡല്‍ഹിയ്ക്ക് തിരിക്കും

സൗജന്യ തൊഴില്‍ പരിശീലനം

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി  പാലയാട് അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഫ്രണ്ട് ഓഫീസ് ട്രെയിനി സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  https://forms.gle/kaBYu9Gvo69HKzoP9 വഴി അപേക്ഷിക്കാം. ഫോണ്‍: 8075851148, 9633015813, 7907828369.

പി ജി  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്റ്റ്റേഷന്‍ (കില) കീഴില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡര്‍ഷിപ്പ് ഈ അധ്യയന വര്‍ഷത്തിലേക്കുള്ള എം എ ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ്, എം എ പബ്ലിക് പോളിസി ആന്റ് ഡവലപ്മെന്റ്, എം എ സോഷ്യല്‍ എന്റപ്രണര്‍ഷിപ്പ് ആന്റ് ഡവലപ്മെന്റ് എന്നീ കോഴ്സുകളിലേക്ക് തത്സമയ പ്രവേശനം തുടങ്ങി. 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍  ആഗസ്റ്റ് ഒമ്പതിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഓഫീസില്‍  ഹാജരാകണം. ഫോണ്‍: 9895094110, 9074927190.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വുമണ്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ രേഖകളും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

സീറ്റ് ഒഴിവ്


കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ തുടങ്ങുന്ന  പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡി സി എ എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ തലശ്ശേരി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2321888, 94000 96100.

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം


മത്സ്യഫെഡ് 2022-23 വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്മരണികയും വിതരണം ചെയ്തു.  മാപ്പിള ബേ ഫിഷറീസ് കോപ്ലക്സിലെ ഫിഷര്‍മെന്‍ ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടി രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹന്‍ദാസ് വിശിഷ്ടാഥിതിയായി. മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എം എസ് ഇര്‍ഷാദ്, ഭരണസമിതി അംഗം ടി രഘുവരന്‍, ജില്ലാ മാനേജര്‍ വി രജിത, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2022- 23  വര്‍ഷത്തില്‍ ജില്ലയില്‍ ലേല കമ്മീഷന്‍ ഒടുക്കിയതിനുള്ള ക്ലസ്റ്റര്‍തല അവാര്‍ഡും 2023- 24 വര്‍ഷത്തെ മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പദ്ധതിക്കായി മികച്ച പ്രകടനം കാഴ്ചവെച്ച മറൈന്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങള്‍ക്കുള്ള സ്മരണികകളും വിതരണം ചെയ്തു.

അധ്യാപക നിയമനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത മൂന്നുവര്‍ഷത്തെ തൊഴിലധിഷ്ഠിത ബി എസ് സി ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്സില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി കരാര്‍  അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www.keralatourism.gov.in/career എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷ ഫോം  പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം ആഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് മണിക്കകം കോളേജില്‍ നല്‍കണം. ഫോണ്‍: 9567463159, 0490 2353600.

എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍;
ശാരീരിക പുനരളവെടുപ്പ് 10ന്

ജില്ലയില്‍ എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍  (405/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ജൂലൈ ആറിന് നടന്ന ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാതെ അപ്പീല്‍ നല്‍കി ഡ്രൈവിങ് പ്രായോഗിക പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച ഉദ്യോഗാര്‍ഥികളുടെ ശാരീരിക പുനരളവെടുപ്പ് ആഗസ്റ്റ് 10ന് ഉച്ചക്ക് 12 മണി മുതല്‍ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നല്‍കിയിട്ടുണ്ട്. പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അസ്സല്‍ തിരിച്ചറിയല്‍ രേഖ, സാധുവായ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ് എന്നിവ സഹിതം ഹാജരാകണം.

ആയുര്‍വേദ തെറാപ്പിസ്റ്റ് ഒഴിവ്

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിലുള്ള പേവാര്‍ഡിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റിനെ (മെയില്‍) നിയമിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.  പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ള ഉദ്യോഗാഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 50 വയസ്.  ഫോണ്‍: 0497 2801688.

നിയന്ത്രണം പിന്‍വലിച്ചു

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ച് ഒഴികെയുള്ള ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശന നിയന്ത്രണം പിന്‍വലിച്ചു. പ്രതികൂല കാലാവസ്ഥയില്‍  ജില്ലയിലെ ബീച്ചുകളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന നിയന്ത്രണം  മഴ കുറഞ്ഞതിനാല്‍ താല്‍ക്കാലികമായി പിന്‍വലിച്ചതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. വാഹനങ്ങള്‍ ബീച്ചില്‍  താഴ്ന്നു പോകുന്നതിനുള്ള സാധ്യത തുടരുന്നതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹന നിയന്ത്രണം തുടരും.

കാലാവധി തീര്‍ന്ന മരുന്ന് വില്‍പന;
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു

കാലാവധി കഴിഞ്ഞ മരുന്ന് ലേബലില്‍ കാലാവധി തിരുത്തി റീട്ടെയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് വില്‍പന നടത്തിയ തലശ്ശേരിയിലെ ശബരി സര്‍ജിക്കല്‍സിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഡ്രക്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം കേസെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ കെ വി സുദീഷിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ വില്‍പനക്കായി സൂക്ഷിച്ചതും കാലാവധി തീയതി മായ്ച്ചു കളഞ്ഞതുമായ മരുന്നുകളും അനുബന്ധ രേഖകളും പിടിച്ചെടുത്തു. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഡോ. പി ഫൈസലിന്റെ നേതൃത്വത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരായ സോണിയ കൃഷ്ണന്‍, ഇ എന്‍ ബിജിന്‍ എന്നിവര്‍ പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത മരുന്നുകള്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

നഴ്സ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലെ നഴ്സ് തസ്തികയില്‍ നിലവിലുള്ളതും വരുന്ന ഒഴിവുകളിലേക്കും താല്‍ക്കാലിക നിയമനം നടത്തുന്നു. ജി എന്‍ എം/ തത്തുല്യം യോഗ്യത കോഴ്സ് പാസായതും നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726.

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി/ആശുപത്രികളില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എന്‍ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് ഒമ്പതിന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്ന കൂടിക്കാഴ്ചക്ക് വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 0497 2711726.

തെങ്ങിൻ തൈകൾ  വിതരണത്തിന്

മുണ്ടേരി കൃഷിഭവനിൽ നല്ലയിനം ഡബ്ള്യു സി ടി  തെങ്ങിൻ തൈകൾ 50 % സബ്സിഡിയിൽ വിതരണം ചെയ്യുന്നു.. ആവശ്യമുള്ളവർ ഭൂനികുതി രസീതി കോപ്പി സഹിതം കൃഷിഭവനിൽ എത്തി തൈകൾ കൈപ്പറ്റണമെന്ന്  മുണ്ടേരി കൃഷി ഓഫീസർ അറിയിച്ചു

error: Content is protected !!