മാലിന്യ മുക്തം നവകേരളം: മികച്ച സംഭാവനകൾ നൽകിയവരെ ആദരിച്ചു

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശുചിത്വമാലിന്യ രംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ ആദരിച്ചു. കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന ആദരം-2023 നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.

ശുചിത്വ മാലിന്യ സംസ്‌കാരം വളർത്തുക എന്ന വലിയ പോരാട്ടത്തിൽ ഭാവി തലമുറകൾക്ക് വേണ്ടി വിവേകത്തോടെ പെരുമാറണമെന്ന് ഡോ. ടി എൻ സീമ പറഞ്ഞു. ഹരിത കർമസേനകൾ ശുചിത്വ മാലിന്യ സംസ്‌കരണത്തിന്റെ സന്ദേശവാഹകരാണ്. അവരെ കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടുള്ള സുസ്ഥിര പരിപാടികൾ നടപ്പാക്കണമെന്നും അവർ പറഞ്ഞു. മാലിന്യ സംസ്‌കരണരംഗത്ത് ഭൗതിക സംവിധാനങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ല നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി. നവകേരളം കർമപദ്ധതി അസി. കോ ഓർഡിനേറ്റർ ടി പി സുധാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, ശുചിത്വമിഷൻ കോ ഓഡിനേറ്റർ കെ എം സുനിൽ കുമാർ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കില ജില്ലാ കോ-ഓഡിനേറ്റർ പി വി രത്നാകരൻ, കുടുംബശ്രീ അസി. ജില്ലാമിഷൻ കോ-ഓഡിനേറ്റർ പി ഒ ദീപ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിത കർമസേന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിൽ ഹരിത ശുചിത്വ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. 2023 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 80 ശതമാനത്തിലധികം യൂസർ ഫീ ശേഖരിച്ച പയ്യന്നൂർ, ആന്തൂർ, തളിപ്പറമ്പ് നഗരസഭകളേയും ഉദയഗിരി, കതിരൂർ, പെരളശ്ശേരി, കാങ്കോൽ-ആലപ്പടമ്പ്, മലപ്പട്ടം, ചപ്പാരപ്പടവ്, ഏരുവേശ്ശി, പന്ന്യന്നൂർ, ഉളിക്കൽ, കണ്ണപുരം, എരഞ്ഞോളി, പായം, ചെറുകുന്ന്, കോട്ടയം പഞ്ചായത്തുകളെയും ആദരിച്ചു. ഹരിത ശുചിത്വ രംഗത്തെ മികച്ച സേവനങ്ങൾക്ക് വി സി ബാലകൃഷ്ണൻ, പി വി ദാസൻ, പി എം മുഹമ്മദ് ഹർഷാദ്, ഫഹദ് മുഹമ്മദ്, മൂന്നുപെരിയ മാതൃകാ ബസാർ ശുചിത്വ സമിതി, എം ആർ എം ഇക്കോ സൊലൂഷൻസ്, വി കെ രാജീവൻ, രാമകൃഷ്ണൻ മാസ്റ്റർ പിണറായി, സംസ്ഥാന പൊലീസ് അസോസിയേഷൻ എന്നിവർക്ക് പുരസ്‌കാരം നൽകി.

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യം നീക്കി പൂന്തോട്ടങ്ങൾ ഒരുക്കിയവർക്കുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌കാരങ്ങൾ പായം ഒരുമ റെസ്‌ക്യൂ ടീം, വെള്ളോറ എച്ച് എസ് എസ് എൻ എസ് എസ് യൂണിറ്റ് എന്നിവർക്ക് ലഭിച്ചു. ഹരിത കർമസേനാംഗങ്ങളുടെ മക്കളിൽ എസ്എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. ഹരിത കർമസേനകളുടെ നേതൃത്വത്തിൽ സംഗീത ശിൽപം, സ്‌കിറ്റ്, ഓട്ടൻതുള്ളൽ എന്നിവയും അരങ്ങേറി.

You may have missed

error: Content is protected !!